പുനര്‍നിര്‍മ്മാണം: വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വിപുലമായ ധനസമാഹരണത്തിനൊരുങ്ങി സര്‍ക്കാര്‍

പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ധനസമാഹരണം നടത്താന്‍ മന്ത്രിസഭായോഗ തീരുമാനം. പ്രവാസി മലയാളികള്‍ ഏറെയുള്ള രാജ്യങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയാകും പണം കണ്ടെത്തുക. പ്രളയത്തില്‍ നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാര്‍ക്ക് പത്ത് ലക്ഷം രൂപ വായ്പ ലഭ്യമാക്കും. വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അനുവദിക്കുന്ന ഒരുലക്ഷം രൂപയുടെ ബാങ്ക് വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയത്തില്‍ തകര്‍ന്നു പോയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ചെറുതും വലുതുമായ എല്ലാ വഴികളും പ്രയോജനപ്പെടുത്താനാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തിരിക്കുന്നത്. പ്രവാസികള്‍ ഏറെയുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി വിപുലമായ വിഭവസമാഹരണം നടത്തും. രാജ്യത്തെ പ്രധാന നഗരങ്ങളിലും സമാനരീതിയില്‍ സഹായം സ്വീകരിക്കും.

എല്ലാ ജില്ലകളിലും ധനസമാഹരണം നടത്താനും മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. സെപ്തംബര്‍ 10 മുതല്‍ 15 വരെയാണ് ഫണ്ട് ശേഖരണം നടക്കുക. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പണം ശേഖരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ 10 ലക്ഷം രൂപ ബാങ്ക് വായ്പ ലഭ്യമാക്കും. വീട്ടുപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് വായ്പ നല്‍കുന്ന ഒരുലക്ഷം രൂപയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. ഇതിനായി സര്‍ക്കാര്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി കരാര്‍ ഉണ്ടാക്കും.

അതേസമയം പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂരിലെയും റാന്നിയിലെയും എംഎല്‍എമാരെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനുള്ള കാരണം അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

DONT MISS
Top