ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ദില്ലി: ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി. കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാരിസണ്‍ കമ്പനി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നാണ് സര്‍ക്കാര്‍ വാദം.

ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കറോളം ഭൂമി ഏറ്റെടുക്കാനായി സ്പെഷ്യല്‍ ഓഫീസര്‍ വ്യക്തമാക്കിയ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍. എതിര്‍ കക്ഷികള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടശേഷമാണ് ഭൂമി ഏറ്റെടുത്തത്. ഭൂസംരക്ഷണ നിയമ പ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ട്. അതിനാല്‍ ഭൂമിയുടെ കൈവശ അവകാശം സംബന്ധിച്ച് ഓഫീസര്‍ക്ക് തീരുമാനം എടുക്കാം.

ഹാരിസന്‍ മലയാളം ലിമിറ്റഡിന്റെ പൂര്‍വ്വ കമ്പനി ഇന്ത്യന്‍ കമ്പനി നിയമപ്രകാരമല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്വതന്ത്ര തിരുവിതാംകൂറില്‍ ഭൂമി കൈവശം വെക്കാന്‍ കമ്പനിക്ക് അധികാരമില്ല. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് നിയമ പ്രകാരം ഈ ഭൂമിയുടെ അവകാശം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതാണ്. ഉടമസ്ഥ അവകാശം തെളിയിക്കാനായി കമ്പനി ഹാജരാക്കിയ രേഖകളില്‍ ബോയ്‌സ്, പെരുവന്താനം എസ്റ്റേറ്റുകളുടെ സര്‍വേ നമ്പറുകള്‍ ഇല്ല. രേഖകള്‍ വ്യാജമാണെന്ന് സംശയിക്കുന്ന പരാമര്‍ശങ്ങള്‍ വിജിലന്‍സ് അന്വേഷണ റിപോര്‍ട്ടില്‍ ഉണ്ട്.

റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെ ആണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചത്. അപ്പീലില്‍ തീരുമാനം വരുന്നത് വരെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തര്‍ക്ക ഭൂമിയുടെ ഉടമസ്ഥ അവകാശം നിശ്ചയിക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞാണ് ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയത്. ഉടമസ്ഥാവകാശം തെളിയിക്കാനായി സിവില്‍ കോടതിയില്‍ കേസ് നടത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

DONT MISS
Top