ശബരിമല: മണ്ഡലകാലത്തിനു മുമ്പേ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുന:സ്ഥാപിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കും. വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പെട്ടെന്ന് പഠനം നടത്തിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്താനാണ് തീരുമാനം. വെള്ളപ്പൊക്കത്തില്‍ പമ്പയിലെ അടിസ്ഥാനസൗകര്യങ്ങളാകെ തകര്‍ന്നിരിക്കുകയാണെന്ന് യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു.

പമ്പാനദി വഴിമാറി ഒഴുകിയതു കാരണം ഒരു പാലം തീര്‍ത്തും മൂടിപ്പോയി. പമ്പയിലെ നടപ്പന്തല്‍ നശിച്ചു. പമ്പയിലെ മണപ്പുറം ടോയ്‌ലെറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുപൊളിഞ്ഞു. പാര്‍ക്കിംഗ് സ്ഥലങ്ങളെല്ലാം ഇല്ലാതായി. പൊലീസ് സ്‌റ്റേഷന്റെ ഒരു ഭാഗവും ഇടിഞ്ഞു. ചുറ്റുപാടുമുളള റോഡുകളെല്ലാം തരിപ്പണമായി. പൊതുമരാമത്ത് വകുപ്പിന്റെ 1115 കിലോമീറ്റര്‍ റോഡുകളാണ് തകര്‍ന്നത്. പമ്പയിലെ ആശുപത്രിയും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. പമ്പ് ഹൗസും തകരാറിലായി.

മൂന്നു പാലങ്ങള്‍ സമയബന്ധിതമായി നിര്‍മ്മിക്കുന്നതിന് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബറിലാണ് ശബരിമല സീസണ്‍ തുടങ്ങുന്നത്. അതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പുന:സ്ഥാപിക്കാനാണ് തീരുമാനം.

DONT MISS
Top