മഴക്കെടുതി: വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശം

വയനാട്: കനത്ത മഴയിലും വെള്ളപൊക്കത്തിലും വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. വാഴ കര്‍ഷകര്‍ക്കാണ് ഏറെ നാശനഷ്ടമുണ്ടായത്.

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 331 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ ക്യഷിയിടങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായത് വിളവെടുപ്പിന് പാകമായ നാണ്യവിളകള്‍ മുഴുവന്‍ നശിക്കാന്‍ കാരണമായി. കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് വാഴ കര്‍ഷകര്‍ക്കാണ്. കുടാതെ ഹെക്ടര്‍ കണക്കിനു സ്ഥലത്തെ നെല്ലും, ഇഞ്ചിയും, വെള്ളം കയറി നശിച്ചു.

ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത നിരവധി കര്‍ഷകരാണ് കൃഷിയിടങ്ങള്‍ ഉപേക്ഷിച്ച് പോയത്. കര്‍ഷകരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ച്ചയാണ് കൃഷിയിടങ്ങളില്‍ ഇപ്പോള്‍ കാണാന്‍ കഴിയുക. പരിശോധനകള്‍ തുടരുകയാണെന്നും നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

മണ്ണിടിച്ചിലിനെ തുടര്‍ന്നും നിരവധി സ്ഥലത്തെ കൃഷിയിടങ്ങള്‍ ഇല്ലാതായി. വിത്തുകള്‍ ലഭ്യമല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അര്‍ഹമായ നഷ്ടപരിഹാരത്തോടൊപ്പം പുന:കൃഷിക്കുള്ള വിത്തും സഹായവും നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

DONT MISS
Top