പ്രളയക്കെടുതി: കേരളത്തില്‍നിന്നുള്ള എംപിമാര്‍ നാളെ കേന്ദ്രമന്ത്രിമാരെ കാണും

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നാളെ കേന്ദ്രമന്ത്രിമാരെ കാണും. യുഎഇ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കണം എന്ന് എംപിമാര്‍ കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെടും. പ്രധാനമന്ത്രിയെ നേരിട്ടുകാണുന്നതിനുള്ള അനുമതിയും എംപിമാര്‍ തേടിയിട്ടുണ്ട്. എന്നാല്‍ ഇതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം  കൂടുതല്‍ സഹായം ഇനിയും ലഭ്യമാക്കണം എന്നും എംപിമാര്‍ ആവശ്യപ്പെടും. പ്രാഥമികമായി 600 കോടി രൂപയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ കേരളത്തിനുണ്ടായ നഷ്ടം പരിഗണിച്ചുകൊണ്ട് തത്തുല്യമായ ഒരു തുക കേരളത്തിന് അനുവദിക്കണം എന്നും എംപിമാര്‍ ഉന്നയിക്കും.

യുഎഇയുടെ ധനസഹായവുമായി ബന്ധപ്പെട്ട് ഇപ്പോഴും അവ്യക്ത നിലനില്‍ക്കുന്നുണ്ട്. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തണം എന്ന കാര്യവും എംപിമാര്‍ ആവശ്യപ്പെടും. അരി, മണ്ണെണ്ണ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും  എംപിമാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

DONT MISS
Top