പ്രളയക്കെടുതിക്കിടെ വിദേശയാത്ര: മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും

മന്ത്രി കെ രാജു

തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയ ദുരിതം കണക്കിലെടുക്കാതെ വിദേശ യാത്ര നടത്തിയ മന്ത്രി കെ രാജുവിന് സിപിഐയുടെ പരസ്യശാസനയും താക്കീതും. മന്ത്രി ചെയ്തത് അനൗചിത്യമാണെന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ ഇനിമുതല്‍ വിദേശ യാത്ര നടത്താന്‍ പാര്‍ട്ടി അനുമതി നല്‍കില്ലെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

ഔദ്യോഗിക പരിപാടികള്‍ക്കല്ലാതെ സിപിഐ മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ അനൗചിത്യമുണ്ടെന്നാണ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്. പ്രളയമുണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും അനുമതി മന്ത്രി തേടിയിരുന്നു. എന്നാല്‍ സാഹചര്യം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയാറായില്ല. എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും മന്ത്രി ചെയ്തത് തെറ്റാണ്. ഇത് പാര്‍ട്ടിയ്ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് അച്ചടക്കനടപടി സ്വീകരിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഔദ്യോഗികമായ പരിപാടികള്‍ക്കല്ലാതെ മന്ത്രിമാര്‍ ഇനി വിദേശ സന്ദര്‍ശനം നടത്തേണ്ടതില്ല. ചീഫ് വിപ്പ് സ്ഥാനത്തേക്ക് കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും തീരുമാനമായാല്‍ അറിയിക്കുമെന്നും കാനം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐ മന്ത്രിമാരും ജനപ്രതിനിധികളും ഒരുമാസത്തെ ശമ്പളം നല്‍കാനും എക്സിക്യൂട്ടീവ് തീരുമാനമെടുത്തു. മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരും ഒരു മാസത്തെ ശമ്പളം ഘട്ടം ഘട്ടമായി നല്‍കും. കേരളത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും കാനം പറഞ്ഞു.

DONT MISS
Top