ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശികള്‍ പിടിയില്‍

കേരള പൊലീസ് പങ്കുവെച്ച ചിത്രം

കൊച്ചി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ സ്വദേശികളായ അകുംബെ ബോമഞ്ചിവ (28), ലാങ്ജി കിലിയന്‍ കെങ് (27) എന്നിവരെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും അറസ്റ്റ് ചെയ്തു. തട്ടിപ്പിന്റെ വിശദാശംങ്ങള്‍ കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചു.

വിവിധ കമ്പനികളുടേതെന്ന വ്യാജേന വെബ്‌സൈറ്റുകള്‍ തയ്യാറാക്കി പലതരം ഉത്പന്നങ്ങള്‍ വില്‍പ്പനക്കെന്ന പേരില്‍ പരസ്യം ചെയ്യുകയും ആരെങ്കിലും ഉത്പന്നങ്ങള്‍ക്കായി സെര്‍ച്ച് ചെയ്താല്‍ ഉത്പന്നത്തിന്റെ വ്യാജ ലൈസന്‍സുകളും രേഖകളും കാണിച്ച് ബോധ്യപ്പെടുത്തിയശേഷം ഇമെയില്‍ മുഖാന്തരമോ വിര്‍ച്വല്‍ നമ്പറുകള്‍ മുഖാന്തരമോ അവരെ ബന്ധപ്പെട്ട് വിലയുടെ നിശ്ചിത ശതമാനം ബാങ്ക് അക്കൗണ്ടിലൂടെ കൈപ്പറ്റും. ഉത്പന്നം കൊറിയര്‍ ചെയ്തതായും അതിന്റെ നമ്പര്‍ വ്യാജവെബ്‌സൈറ്റുകളിലൂടെ നല്‍കി ആളുകളുടെ വിശ്വാസം നേടും. തുടര്‍ന്ന് കൊറിയര്‍ കമ്പനിയില്‍ നിന്നെന്ന മട്ടില്‍ നിങ്ങള്‍ക്കുള്ള കൊറിയര്‍ പാക്കിംഗ് മോശമാണെന്നും അതിന് ഇന്‍ഷുറന്‍സായി നിശ്ചിത തുക അടക്കണമെന്നും ഈ പണം റീഫണ്ട് ചെയ്യുമെന്നും കാണിച്ച് വീണ്ടും മെസേജ് ലഭിക്കും ഇതും വിശ്വസിക്കുന്ന ഇര വീണ്ടും പണം അടക്കുകയും ഭീമമായ സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്യുന്നു.

ഇത്തരത്തില്‍ തട്ടിപ്പിനിരയായ മഞ്ചേരി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ മഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഒന്നാം പ്രതി ഹൈദരാബാദില്‍ നിന്നും രണ്ടാം പ്രതി കാമറൂണില്‍ നിന്നുമാണ് തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്, ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ഗുജറാത്ത്, തെലങ്കാന, ആന്ധ്ര പ്രദേശ്, ഗോവ, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ളവരും, ജര്‍മ്മനി, റഷ്യ, കാനഡ, വിയറ്റ്‌നാം തുടങ്ങിയ രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചന ലഭിച്ചിട്ടുണ്ട്. കേരള പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍എം അബ്ദുല്ല ബാബു, എസ്‌ഐടി അംഗങ്ങളായ കെപി അബ്ദുല്‍ അസീസ്, എ ശശികുമാര്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. നിരവധി ആളുകളില്‍ നിന്നായി 30 കോടിയിലധികം രൂപ തട്ടിയെടുത്ത കാമറൂണ്‍ സ്വദേശിയായ ചോയി തോംസ(45) ഈ ജൂണില്‍ ദില്ലിയില്‍ വെച്ച് കേരള പൊലീസിന്റെ പിടിയിലായിരുന്നു.

DONT MISS
Top