അഞ്ച് കോടിയും മറ്റ് സഹായ വാഗ്ദാനങ്ങളും; നവകേരളത്തിനായി സര്‍ക്കാരിനൊപ്പം ഇറാം ഗ്രൂപ്പും

കൊച്ചി: പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ഇറാം ഗ്രൂപ്പ്. സംസ്ഥാനം നേരിട്ട ഏറ്റവും വലിയ പ്രളയ ദുരിതത്തില്‍ നിന്നും സമയോചിതമായ ഇടപെടലിലൂടെ ജനങ്ങളെ കൂടുതല്‍ ആളപായമില്ലാതെ സംരക്ഷിച്ചതിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായി ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ സിദ്ദിഖ് അഹമ്മദ് പറഞ്ഞു.

ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയുടെ ചെക്കും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഡോ സിദ്ദിഖ് അഹമ്മദ് കൈമാറി. ഇതിന് പുറമെ പാലക്കാട് വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി മൂന്ന് കോടി രൂപയും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രളയക്കെടുതി മറികടക്കാന്‍ ലോകരാജ്യങ്ങളില്‍ നിന്ന് സഹായവുമായി മുന്നോട്ട് വരുന്നത് ആശ്വാസമാണെന്നും നമ്മുടെ സൈന്യവും സര്‍ക്കാരുകളും ജനങ്ങളും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വ പാടവം കാരണമായെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിന് ഉള്‍പ്പെടുത്താനുള്ള സമയോചിതമായ തീരുമാനം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ഡോ സിദ്ദിഖ് മുഖ്യമന്ത്രിയെ അറിയിച്ചു.

700 ഓളം ബോട്ടുകളുമായി 65000 ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ എത്രമേല്‍ അഭിനന്ദിച്ചാലും മതിയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനായി ചില നിര്‍ദ്ദേശങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചു. റസ്‌ക്യൂ ഓപ്പറേഷനില്‍ സഹായിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രശംസാര്‍ഹമായ കാര്യമാണെന്നും, ഈ പദ്ധതിയില്‍ തന്റെ സാരഥ്യത്തിലുള്ള ഇറാം ഗ്രൂപ്പ് കമ്പനി, ജെം ഓഫ് സീ മെഡല്‍ നല്‍കി പങ്കാളിയാവാന്‍ ആഗ്രഹിക്കുന്നുവെന്നും ഡോ സിദ്ദിഖ് വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കും തന്റെ കമ്പനിയായ ഇറാം സ്‌കില്‍സ് അക്കാദമിക്ക് കീഴില്‍ സൗജന്യമായി തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസന കോഴ്‌സ് പഠിക്കുന്നതിന് അവസരം നല്‍കാനും, മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രദേശങ്ങളിലെത്തി അടിയന്തര ഘട്ടങ്ങളിലുളള പ്രഥമ ശുശ്രൂഷയ്ക്കുള്ള പരിശീലനം നല്‍കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സോളാര്‍ അധിഷ്ഠിത ബോട്ടുകള്‍ എന്ന മുഖ്യമന്ത്രിയുടെ ആശയത്തിന് ഗുണം ചെയ്യുന്ന തരത്തിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളും വേണ്ട പിന്തുണയും നല്‍കാന്‍ ഇറാം ഗ്രൂപ്പിന് കീഴില്‍ പൂനയില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് അധിഷ്ഠിതമായ പവര്‍ ഇലക്ട്രോണിക്‌സ് കമ്പനി ഇറാം മാഗ്നാഫ്‌ളെക്‌സ് തയ്യാറാണെന്നും ഡോ സിദ്ദിഖ് അറിയിച്ചു.

ഇതിന് പുറമെ സഹകരിക്കാന്‍ പറ്റുന്ന മറ്റ് മേഖലകളില്‍ സൗദിയിലെ മറ്റ് മലയാളി വ്യവസായികളെ കൂടി ഉള്‍പ്പെടുത്തി കൂട്ടായ പങ്കാളിത്തത്തിനുള്ള സന്നദ്ധതയും ഇറാം ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. പുതിയ കേരളം പണിയുന്നതിനുള്ള ശ്രമങ്ങളില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഡോ സിദ്ദിഖ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

DONT MISS
Top