പൊലീസിന്റേത് അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമായ പ്രവര്‍ത്തനം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയം നേരിടുന്നതില്‍ പൊലീസ് കാണിച്ച ശുഷ്‌കാന്തിയും സേവനസന്നദ്ധതയും അങ്ങേയറ്റം പ്രശംസനീയവും അഭിമാനകരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് ജില്ലാ പൊലീസ് മേധാവി മുതല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെയുളളവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസും ഫയര്‍ഫോഴ്സും, എക്സൈസ് വകുപ്പും പ്രത്യേക രീതിയില്‍ ജയില്‍ വകുപ്പുമെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. സൈനിക വിഭാഗങ്ങളുടെ പങ്കിനെപ്പോലെ ഉയര്‍ന്ന് നില്‍ക്കുന്നതാണ് പൊലീസിന്റെ രക്ഷാദൗത്യം. പ്രളയബാധിത പ്രദേശങ്ങളില്‍ പൊതുചുമതല കളക്ടര്‍മാര്‍ക്കായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല പൊലീസിനായിരുന്നു. ആ ചുമതല മികച്ച രീതിയില്‍ നിര്‍വ്വഹിക്കാന്‍ പൊലീസിന് കഴിഞ്ഞു, മുഖ്യമന്ത്രി പറഞ്ഞു.

കമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍ തകരാറിലായപ്പോള്‍ വാര്‍ത്താവിനിമയം പുനഃസ്ഥാപിച്ചത് പൊലീസിന്റെ സംവിധാനങ്ങള്‍ വഴിയാണ്. അവലോകന യോഗങ്ങളില്‍ കൃത്യമായ വിവരം നല്‍കാന്‍ ഇന്റലിജന്‍സിനായത് പ്ലാനിങ്ങിന് ഏറെ സഹായിച്ചു. കോസ്റ്റല്‍ പൊലീസുള്‍പ്പെടെ പൊലീസിന്റെ എല്ലാ വിഭാഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ദുരിതബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിനും ദുരിതാശ്വാസക്യാമ്പുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമസമാധാന പ്രശ്നങ്ങളില്ലാതെ നോക്കുന്നതിനും പൊലീസിന് കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുക മാത്രമല്ല മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നതിലും പൊലീസ് വലിയ പങ്കാണ് വഹിച്ചത്.

ഇത് പൊലീസിനെക്കുറിച്ചുള്ള ധാരണയിലും വലിയ മാറ്റമാണ് വരുത്തിയിരിക്കുന്നത്. പൂര്‍ണമായും ജനമൈത്രി പൊലീസ് എന്ന ധാരണ ജനങ്ങളിലുണ്ടാക്കാന്‍ ഈ പ്രവര്‍ത്തനം വഴിയൊരുക്കി. ഇത് പൊലീസിന്റെ അന്തസ്സുയര്‍ത്തിയിരിക്കുന്നു. പുനരധിവാസത്തിലും ശുചീകരണത്തിലും ഈ പങ്ക് തുടരണം. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വലിയ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. എല്ലാവരുടേയും കൂട്ടായ്മയിലൂടെ പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതില്‍ വലിയ പങ്ക് വഹിക്കാനുള്ള വിഭാഗമാണ് കേരള പൊലീസ്. അത് തിരിച്ചറിഞ്ഞുകൊണ്ട് പൊലീസ് സംവിധാനത്തെ ആകെ സജ്ജമാക്കാനും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് എത്തിക്കാനും കഴിയണം.

ദുരന്തവേളകള്‍ കൈകാര്യം ചെയ്യാനുള്ള വിഭവങ്ങള്‍, സാധന സാമഗ്രികള്‍ തുടങ്ങി പലതരം പരിമിതികള്‍ പരിഹരിക്കാനുള്ള ശ്രമം ഉണ്ടാവണം. ദുരിതാശ്വാസത്തിന് അനധികൃതമായ ഫണ്ട് പിരിവിനോടുള്ള കാര്യങ്ങള്‍ പൊലീസ് കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 29 ന് സ്‌കൂളുകള്‍ തുറക്കുന്നത് സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

DONT MISS
Top