വൈദികര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയുണ്ടാകാത്തത് വേദനാജനകം: മാര്‍പാപ്പ

ഡബ്ലിന്‍: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകാത്തത് വേദനാജനകവും നാണക്കേടുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായ നടപടികള്‍ ഇല്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും, ഇത്തരം അതിക്രമങ്ങള്‍ തനിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.

അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടെ ഡബ്ലിനില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. പുരോഹിതരുടെ ലൈംഗിക പീഡനത്തിന് വിധേയരായ കുട്ടികളുമൊത്ത് മാര്‍പാപ്പ ഒന്നരമണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതി കേട്ടു. കുട്ടികളുടെയും യുവജനങ്ങളുടേയും അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട പുരോഹിതരുടെ ഭാഗത്ത് നിന്നും ആശങ്കപ്പെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്ത് വില കൊടുത്തും ആപത്കരമായ പ്രവണത സഭയില്‍ നിന്ന് ഒഴിവാക്കുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

അയര്‍ലന്‍ഡ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. ലൈംഗികാതിക്രമങ്ങള്‍ നടത്തിയ പുരോഹിതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ലിയോ എറിക് വറാഡ്കര്‍ മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.

DONT MISS
Top