പ്രളയം അതിതീക്ഷ്ണമായിരുന്ന മൂന്ന് ദിവസങ്ങളില്‍ കെഎസ്ഇബി പെരിയാറ്റിലേക്കൊഴുക്കിയത് വന്‍തോതില്‍ വെള്ളം

ഇടുക്കി: പ്രളയം അതിതീക്ഷ്ണമായിരുന്ന മൂന്ന് ദിവസങ്ങളില്‍ കെഎസ്ഇബി പെരിയാറ്റിലേക്കൊഴുക്കിയത് വന്‍തോതില്‍ വെള്ളം. കഴിഞ്ഞ 15 ന് വൈകിട്ട് അഞ്ച് മണി മുതല്‍ 18 ന് പുലര്‍ച്ചെ വരെയാണ് വലിയ അളവില്‍ വെള്ളമൊഴുക്കിയത്. മാധ്യമപ്രവര്‍ത്തകരില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നും വിവരം മറച്ചുവെച്ചാണ് സെക്കന്റില്‍ 17,00,000 ലിറ്റര്‍ (1700 ക്യുമെക്സ്) വരെ ഇടുക്കി അണക്കെട്ടില്‍ നിന്നും ഒഴുക്കിയത്. സെക്കന്റില്‍ പരമാവധി 15,00,000 ലിറ്റര്‍ (1500 ക്യുമെക്സ്) വരെ വെള്ളം ഒഴുക്കിയിട്ടുള്ളൂവെന്നാണ് കെഎസ്ഇബി പറയുന്നത്.

കഴിഞ്ഞ ഒമ്പതിന് ഉച്ചയ്ക്ക് 12.32 നാണ് ഇടുക്കി പദ്ധതിയുടെ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളം തുറന്നുവിട്ടത്. 2399.04 അടിയായിരുന്നു അന്ന് അണക്കെട്ടിലെ ജലനിരപ്പ്. ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്ന വ്യവസ്ഥ ലംഘിച്ച് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് കെഎസ്ഇബിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കിയത്. 24 മണിക്കൂര്‍ ട്രയല്‍ റണ്‍ നടത്തി ഷട്ടര്‍ താഴ്ത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ട്രയല്‍റണ്‍ ഫുള്‍റണ്‍ ആക്കി മാറ്റുകയായിരുന്നു.

10 ന് ഉച്ചയ്ക്ക് 1.30 ഓടെ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു. ഈ സമയങ്ങളില്‍ ഓരോ മണിക്കൂറിലും അണക്കെട്ടിലെ ജലനിരപ്പ്, പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ്, അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ്, പവര്‍ ഹൗസിലേക്ക് ഒഴുക്കുന്ന വെള്ളം ഇവയെല്ലാം കൃത്യമായി കെഎസ്ഇബിയില്‍ നിന്നും ശേഖരിച്ച് ഇന്‍ഫര്‍മേഷന്‍ വകുപ്പ് വാട്സാപ്പ് സന്ദേശം വഴി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

15 ന് വൈകിട്ട് അഞ്ചു മണിയോടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം നിലച്ചു. ചെറുതോണി ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് 1500 ക്യുമെക്സ് വരെ ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പെരിയാര്‍ തീരവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു ഒടുവിലത്തെ സന്ദേശം. പിന്നീട് സന്ദേശമെത്തിയത് 18 ന് രാവിലെ ആറു മണിക്കാണ്. 2401.54 അടിയായിരുന്നു അപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. 1100 ക്യുമെക്സ് വെള്ളം ഒഴുക്കുന്നുവെന്നായിരുന്നു അന്നത്തെ സന്ദേശം.

ഈ മൂന്ന് ദിവസങ്ങളില്‍ കെഎസ്ഇബി ലോഡ് ഡെസ്പാച്ച് സെന്റര്‍ വെബ്സൈറ്റും നിശ്ചലമായിരുന്നു. ചെറുതോണി മേഖലയില്‍ നിന്നും ദൃശ്യമാധ്യമങ്ങള്‍ ഒബി വാനുകള്‍ അടക്കം മാറ്റണമെന്ന് 15 ന് മുമ്പുതന്നെ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടുതല്‍ വെള്ളമൊഴുക്കുന്നത് പുറംലോകം അറിയാതിരിക്കാനാണ് കെഎസ്ഇബി ഇത്തരത്തിലുള്ള നടപടി കൈക്കൊണ്ടതെന്നാണ് സൂചന.

DONT MISS
Top