വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തിയായി

മക്ക: അഞ്ച് ദിവസത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഹാജിമാര്‍ മിന താഴ്‌വരയില്‍നിന്നും ഇന്ന് മടങ്ങി തുടങ്ങി. പിശാചിന്റെ പ്രതീകങ്ങളായ ജംറത്തുല്‍ ഊല, വുസ്ത, അക്ബ എന്നിവയ്ക്ക് ഒരോന്നിനും ഏഴ് കല്ലുകള്‍ വീതം എറിഞ്ഞ ശേഷമാണ് പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഹാജിമാരില്‍ ഭൂരിഭാഗവും ഇന്ന് മിനായില്‍നിന്നും മടങ്ങിയത്.

ഇന്ന് സൂര്യാസ്തമയത്തിന് മുമ്പ് മിനായില്‍നിന്നും മടങ്ങാത്ത ഹാജിമാര്‍ നാളെ നാലാം ദിവസത്തെ കല്ലേറ് കര്‍മ്മം കൂടി പൂര്‍ത്തിയാക്കിയായിരിക്കും മിനായില്‍നിന്നും മടങ്ങുക. പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതെയാണ് ഇത്തവണ വിശുദ്ധ ഹജ്ജ് കര്‍മ്മം പര്യവസാനത്തിലെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഹാജിമാരുടെ ഹജ്ജ് ക്യാമ്പുകളിലുള്ളവരും ഏറെ ആഹ്ലാദത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് വിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി മിനായില്‍നിന്നും മക്കയിലെ താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നത്. നാട്ടില്‍ പ്രളയ ബാധിതരായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസം അകറ്റുവാനായി മലയാളി ഹാജിമാര്‍ പ്രാര്‍ത്ഥന നടത്തി.

ഹജ്ജ് കര്‍മ്മത്തിന് ജിദ്ദ വിമാനത്താവളം വഴി എത്തിയ ഹാജിമാരില്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കാത്തവര്‍, അതുകൂടി കഴിഞ്ഞ ശേഷം മദീന വിമാനത്താവളം വഴിയായിരിക്കും നാട്ടിലേക്ക് മടങ്ങുക. എന്നാല്‍ മദീന വിമാനത്താവളം വഴി പുണ്യ ഭൂമിയിലെത്തിയ ഹാജിമാര്‍ ജിദ്ദ വിമാനത്താവളം വഴിയും നാട്ടിലേക്ക് മടങ്ങും. ഗവണ്‍മെന്റ് ഗ്രുപ്പിലെത്തിയ മലയാളി ഹാജിമാരെല്ലാം ജിദ്ദ വിമാനത്താവളം വഴി പുണ്യഭൂമിയിലെത്തിയവരായതിനാല്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മദിനയില്‍ നിന്നായിരിക്കും നാട്ടിലേക്ക് മടങ്ങുക. ഗള്‍ഫ് നാടുകളില്‍നിന്നടക്കമുള്ള ഹാജിമാര്‍ നാളെ മുതല്‍തന്നെ നാട്ടിലേക്കുള്ള മടക്കം തുടങ്ങും.

DONT MISS
Top