റാങ്കിംഗില്‍ വീണ്ടും കോഹ്‌ലി; ബ്രാഡ്മാനെയും പോണ്ടിംഗിനെയും മറികടന്ന് അപൂര്‍വ്വ നേട്ടവും

ദില്ലി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മിന്നുന്ന പ്രകടനമാണ് താരത്തെ വീണ്ടും നേട്ടത്തിനര്‍ഹനാക്കിയത്. ഓസ്‌ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്താണ് രണ്ടാം സ്ഥാനത്ത്.

ട്രെന്റ്ബ്രിഡ്ജില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ രണ്ട് ഇംന്നിംഗ്‌സുകളിലുമായി 200 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായ താരം, രണ്ടാം ഇന്നിംഗ്‌സില്‍ 103 റണ്‍സ് സ്വന്തമാക്കി. നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് കോഹ്ലിയെ റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 149 റണ്‍സും രണ്ടാമത്തെ ഇന്നിംഗ്‌സില്‍ 51 റണ്‍സുമാണ് കോഹ്ലി അടിച്ചെടുത്തത്. ഇതോടെ 934 പോയിന്റുമായി സ്മിത്തിനെ മറികടക്കാനും താരത്തിനായി. 2015 ഡിസംബര്‍ മുതല്‍ സ്മിത്തായിരുന്നു ഐസിസിയുടെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍. എന്നാല്‍ ലോര്‍ഡിസില്‍ വെച്ചുനടന്ന രണ്ടാം ടെസ്റ്റില്‍ ശോഭിക്കാന്‍ കഴിയാത്തത് താരത്തിന് തിരിച്ചടിയായി. 23, 17 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോര്‍. ഇതിന് പിന്നാലെ 919 പോയിന്റുമായി കോഹ്ലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

അതേസമയം ട്രെന്റ്ബ്രിഡ്ജിലെ പ്രകടനത്തിലൂടെ ഇതിഹാസതാരങ്ങളായ ഡോണ്‍ ബ്രാഡ്മാനെയും, റിക്കി പോണ്ടിംഗിനെയും മറികടന്ന് മറ്റൊരു അപൂര്‍വ്വ നേട്ടം കൈവരിക്കാനും കോഹ്‌ലിക്കായി. വിജയിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ 200 റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് താരം സ്വന്തം പേരിലാക്കിയത്. ബ്രാഡ്മാനും പോണ്ടിംഗും ആറ് തവണ വിജയിച്ച ടെസ്റ്റില്‍ 200 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി ഏഴ് തവണ ഈ അപൂര്‍വ്വ നേട്ടം കൈവരിച്ചു.

DONT MISS
Top