പ്രളയദുരന്തത്തിന് കാരണം സര്‍ക്കാര്‍ അനാസ്ഥ തന്നെ, ചെറുതോണി ഒഴികെ ഒരു ഡാമിന്റെ കാര്യത്തിലും മുന്നറിയിപ്പ് ഉണ്ടായില്ല: ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരന്തത്തിന് കാരണം സര്‍ക്കാര്‍ വീഴ്ചയെന്ന ആരോപണത്തിലുറച്ച് വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാസ്തവ വിരുദ്ധമായ വാദങ്ങളാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്. വീഴ്ചകള്‍ മറച്ച് വയ്ക്കാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമാക്കുന്ന ബാലിശമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രി നല്‍കിയ മറുപടികള്‍ക്ക് മറുവാദവുമായാണ് ഇന്ന് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത് വന്നത്. വീഴ്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനുമാണ്. ക്രമമായി ഡാം തുറന്നിരുന്നുവെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രിയുടേത് വാസ്തവവിരുദ്ധമായ വാദങ്ങളാണെന്നും ചെന്നിത്തല പറഞ്ഞു.

1924 ലെ മഴയെക്കാള്‍ കുറഞ്ഞ മഴയാണ് ഇക്കുറി ലഭിച്ചത് എന്നതില്‍ ഒരു പിശകുമില്ല. അന്ന് ഒരു ഡാം മാത്രമേയുണ്ടായിരുന്നുള്ളു, ഇന്നത് 84 ആയി എന്നതാണ് മുഖ്യമന്ത്രിയുടെ വാദം. അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് വെള്ളപ്പൊക്കം തടയാനാണെന്ന കാര്യം പോലും സര്‍ക്കാരിന് ബോധ്യമില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

ചെറുതോണി ഒഴികെയുള്ള ഒരു ഡാമിന്റെ കാര്യത്തിലും കൃത്യമായ മുന്നറിയിപ്പുണ്ടായിട്ടില്ല. പത്തനംതിട്ടയിലും റാന്നിയിലും രാത്രി ഒരുമണിക്കാണ് മുന്നറിയിപ്പ് നടത്തിയത്. കേന്ദ്രജലക്കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പോലും സര്‍ക്കാര്‍ പാലിച്ചിട്ടില്ല.

ഇടുക്കി അണക്കെട്ട് 2397 അടിയില്‍ ട്രയല്‍ റണ്‍ നടത്താതിരുന്നതിന് കാരണം ഇടമലയാറില്‍ ജലനിരപ്പുയര്‍ന്നതാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇടമലായാറിലേക്ക് വെള്ളമെത്തുന്നത് തടയാന്‍ നടപടികളുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

DONT MISS
Top