ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതം അനുഭവിക്കുന്നവര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്നും വീടുകള്‍ പൂര്‍വ സ്ഥിതിയിലാകും വരെ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

രാവിലെ 8.30 യോടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളെജ് ഗ്രൗണ്ടില്‍ എത്തിയ മുഖ്യമന്ത്രി 3000 ത്തോളം പ്രളയബാധിതര്‍ കഴിയുന്ന ക്രിസ്ത്യന്‍ കോളെജിലെ ക്യാമ്പിലെത്തി. ക്യാമ്പിലം അംഗങ്ങളുമായി സംസാരിച്ച മുഖ്യമന്ത്രി ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതികളുണ്ടോ എന്ന് ചോദിച്ചു. രേഖകള്‍ പലതും നഷ്ടപ്പെട്ടെന്ന് ക്യാമ്പ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതെല്ലാം സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വീടുകള്‍ വൃത്തിയാക്കി നല്‍കുമെന്നും തകര്‍ന്നുപോയ വീടുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും നശിച്ചുപോയ സാമഗ്രികള്‍ക്ക് പകരം എന്ത് ചെയ്യാന്‍ കഴിയുമെന്ന് സര്‍്ക്കാര്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ആശങ്കപ്പെടരുതെന്ന് പറഞ്ഞ് ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍വ സ്ഥിതിയിലാക്കും വരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, ആലപ്പുഴയിലെ ല ജനത്തുല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എറണാകുളം വടക്കന്‍ പറവൂര്‍ ഗ്രിഗോറിയസ് സ്‌ക്കൂള്‍, ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളെജ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി എത്തി. മന്ത്രിമാരായ ജി സുധാകരന്‍, തോമസ് ഐസക്, ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍, വിഎസ് സുനില്‍കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരും മറ്റ് ജനപ്രതിനിധികളും വിവിധ ജില്ലകളില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.

DONT MISS
Top