പ്രളയക്കെടുതി: പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി

കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കോടിയേരി ബാലകൃഷ്ണന്‍. വാദപ്രതിവാദങ്ങള്‍ക്കുള്ള സമയമല്ല ഇത്. വിവാദങ്ങളുണ്ടാക്കുന്നത് ദുരിതാശ്വാസപ്രവര്‍ത്തനത്തെ ബാധിക്കും. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി വാങ്ങേണ്ടതില്ലെന്ന കേന്ദ്രനിലപാട് കേരളത്തോടുള്ള വൈര്യനിര്യാതന ബുദ്ധികൊണ്ടാണെന്നും കോടിയേരി വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളില്‍ സഹകരിക്കുകയും സര്‍ക്കാര്‍ നടപടികളെ പ്രശംസിക്കുകയും ചെയ്ത രമേശ് ചെന്നിത്തലയുടെ ഇപ്പോഴത്തെ നിലപാടുകള്‍ സാഹചര്യങ്ങള്‍ക്കു യോജിച്ചതല്ല എന്ന് കോടിയേരി പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണുള്ളത്. ഇത്തരം വാദപ്രതിവാദങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ നിരാശരാക്കുമെന്നും കോടിയേരി പറഞ്ഞു.

യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള വൈര്യനിര്യാതന നിലപാടിന്റെ ഭാഗമാണ്. സംഘപരിവാറും സേവാ ഭാരതിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് ആഹ്വാനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ബിജെപി സര്‍ക്കാര്‍ എടുത്തിരിക്കുന്ന ഈ തീരുമാനവും. സഹായം സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ലഭിച്ച തുക അധികമായി കേരളത്തിനനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണം.

ഇന്ത്യാ ഗവണ്‍മെന്റ് വിദേശസഹായം സ്വീകരിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ്. മറ്റുരാജ്യങ്ങളെ പല സന്ദര്‍ഭങ്ങളിലും ഇന്ത്യ സഹായിച്ചിട്ടുമുണ്ട്. ഇത്തരം വിദേശസഹായം പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളോ, കീഴ്‌വഴക്കങ്ങളോ എതിരാണെങ്കില്‍ അതില്‍ മാറ്റം വരുത്തണം. കേരളനിയമസഭ ഇക്കാര്യം ഐകകണ്‌ഠേന ആവശ്യപ്പെടാന്‍ തയാറാകണമെന്നും കോടിയേരി പറഞ്ഞു.

DONT MISS
Top