പ്രളയക്കെടുതി: വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായം നിരസിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം വിവാദമാകുന്നു

ദില്ലി: പ്രളയക്കെടുതിയിലായ കേരളത്തിന് യുഎഇ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കാനുള്ള തീരുമാനം വിവാദമാകുന്നു. മോദി സര്‍ക്കാര്‍ 2016 മേയില്‍ പുറത്തിറക്കിയ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതിയില്‍ നയമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്ന വ്യവസ്ഥക്കെതിരാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് വിമര്‍ശനം. അതേ സമയം സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം എന്ന് കേരളം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും.

സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്ന് യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ആ നയം തുടരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രളയക്കെടുതിയിലായ കേരളത്തിനു യുഎഇ ഉള്‍പ്പെടെ ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കുന്നത്. അതേസമയം 2016 ല്‍ ദേശീയ ദുരന്ത മാനേജ്‌മെന്റ് പദ്ധതിയില്‍ വ്യക്തമാക്കിയിരിക്കുന്നത് ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ രാജ്യങ്ങള്‍ സൗഹൃദ നടപടിയായി നല്‍കുന്ന സഹായം കേന്ദ്രസര്‍ക്കാരിനു സ്വീകരിക്കാം എന്നാണ്. 2016 ലെ ഈ നയം മറികടന്ന് 2004 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിനു ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിക്കുന്നത് എന്തിന് എന്ന ചോദ്യം ഉയരുന്നുണ്ട്.

വിദേശ രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് നന്ദി ഉണ്ടെന്നും എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതി ആഭ്യന്തര വിഭവങ്ങള്‍ കൊണ്ട് പരിഹരിക്കും എന്നാണ് ഇന്നലെ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ നയം പുന:പരിശോധിക്കണം എന്ന് കേരളം സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് അവശ്യപ്പെട്ടേക്കും. ഇതിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരില്‍ കാണും എന്നാണ് അറിയിച്ചിട്ടുള്ളത്. യുഎഇക്ക് പുറമെ ഖത്തര്‍, സൗദി അറേബ്യ, മാലിദീപ് എന്നിവരാണ് സഹായ വാഗ്ദാനം നല്‍കിയിട്ടുള്ളത്.

DONT MISS
Top