തിരിച്ചടിച്ച് ഇന്ത്യ, മൂന്നാം ടെസ്റ്റില്‍ 203 റണ്‍സ് വിജയം

ട്രെന്റ്ബ്രിഡ്ജ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം തുടക്കത്തില്‍ തന്നെ 317 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബൂമ്‌റയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോസ് ബട്ട്‌ലര്‍ (106), ബെന്‍ സ്‌റ്റോക്ക്‌സ് (62) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലണ്ടി നിരയില്‍ പിടിച്ച് നില്‍ക്കാനായത്. ജയത്തോട ഇന്ത്യ പരമ്പരയില്‍ 1-2 എന്ന നിലയിലെത്തി.

സ്‌കോര്‍: ഇന്ത്യ 329, ഏഴിന് 352; ഇംഗ്ലണ്ട് 161, 317. ഒന്‍പതിന് 311 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വെറും 2.5 ഓവര്‍ മാത്രമെ പിടിച്ച് നില്‍ക്കാനായുള്ളൂ. 11 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശീലയിട്ടു. ഇതോടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ജയം ടീം ഇന്ത്യ സ്വന്തമാക്കി. നേരത്തെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്.

രണ്ട് ഇന്നിംഗ്‌സുകളിലും മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിന് സെഞ്ച്വറി നഷ്ടമായ കോഹ്‌ലി രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി തീര്‍ത്ത് (103) മത്സരത്തില്‍ 200 റണ്‍സ് പൂര്‍ത്തിയാക്കി. നേരത്തെ ആദ്യ ടെസ്റ്റിലും (149, 51) കോഹ്‌ലി 200 റണ്‍സ് എടുത്തിരുന്നു. രണ്ടാം ടെസ്റ്റില്‍ (17, 23) മാത്രമാണ് ഇന്ത്യന്‍ നായകന്‍ പരാജയപ്പെട്ടത്.

ഇന്ത്യ ഉയര്‍ത്തിയ 521 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് അപ്രാപ്യമായിരുന്നു. ഇംഗ്ലണ്ടിനെന്നല്ല ഏതൊരു ടീമിനും അസാധ്യമായ വിജയലക്ഷ്യമാണിത്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 311 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 106 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 62 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം നടത്താനായത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബൂമ്‌റയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ നാലിന് 62 എന്ന നിലയിലായിരുന്ന ആതിഥേയരെ ബട്ട്‌ലര്‍-സ്റ്റോക്ക് സഖ്യമാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 169 റണ്‍സ് ചേര്‍ത്തു.

ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പരയില്‍ പിന്നിട്ട് നിന്നിരുന്ന ഇന്ത്യയ്ക്ക് മൂന്നാം ടെസ്റ്റില്‍ വിജയം അനിവാര്യമായിരുന്നു. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ അര്‍ഹിച്ച വിജയം ഇന്ത്യയെ തേടിയെത്തുകയായിരുന്നു. നേരത്തെ ആദ്യ ടെസ്റ്റില്‍ ബൗളര്‍മാര്‍ തങ്ങളുടെ മികവ് പ്രകടിപ്പിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതാണ് 31 റണ്‍സിന്റെ തോല്‍വി വഴങ്ങാന്‍ കാരണമായത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇരുവിഭാഗങ്ങളും അമ്പേ പരാജയപ്പെടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 107 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 130 റണ്‍സിനും ഇന്ത്യ പുറത്തായി.

DONT MISS
Top