വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

ട്രെന്റ്ബ്രിഡ്ജ്: മൂന്നാം ടെസ്റ്റില്‍ വിജയത്തിനും ഇന്ത്യയ്ക്കും ഇടയില്‍ നില്‍ക്കുന്നത് വെറും ഒരു വിക്കറ്റ് മാത്രം. ഒരു ദിനവും 90 ഓവറുകളും ശേഷിക്കെ ഇന്ത്യന്‍ വിജയത്തെ തടയാന്‍ ഇംഗ്ലണ്ടിന് സാധ്യമല്ല. അല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. 30 റണ്‍സെടുത്ത ആദില്‍ റഷീദ്, എട്ട് റണ്‍സെടുത്ത ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരാണ് ക്രീസില്‍. ഇന്ത്യന്‍ വിജയം എത്ര ഇവര്‍ എത്രത്തോളം നീട്ടിക്കൊണ്ടുപോകും എന്നത് മാത്രമാണ് അറിയാനുള്ളത്.

വിജയിക്കുകയാണെങ്കില്‍ പരമ്പരയിലെ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരിക്കും ഇത്. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ ഇന്ത്യ 0-2 ന് പിന്നില്‍ നില്‍ക്കുകയാണ്. പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാന്‍ കുറഞ്ഞത് രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 521 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് അപ്രാപ്യമായിരുന്നു. ഇംഗ്ലണ്ടിനെന്നല്ല ഏതൊരു ടീമിനും അസാധ്യമായ വിജയലക്ഷ്യമാണിത്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 311 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 106 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 62 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സ് എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം നടത്താനായത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബൂമ്‌റയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒരു ഘട്ടത്തില്‍ നാലിന് 62 എന്ന നിലയിലായിരുന്ന ആതിഥേയരെ ബട്ട്‌ലര്‍-സ്റ്റോക്ക് സഖ്യമാണ് നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 169 റണ്‍സ് ചേര്‍ത്തു.

DONT MISS
Top