പ്രളയക്കെടുതി: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി സര്‍വകക്ഷിയോഗം

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായി സര്‍വകക്ഷിയോഗം. പുനരധിവാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി. കേരളത്തിലെ ദുരന്തവ്യാപ്തി കണക്കിലെടുത്ത് പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പരിശീലനം നല്‍കി ദുരന്തസമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വോളണ്ടിയര്‍മാരാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരദേശ പൊലീസില്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെയുള്‍പ്പെടെ പങ്കെടുപ്പിക്കും.

ക്യാമ്പുകളില്‍ സഹായങ്ങള്‍ നേരിട്ടുകൊടുക്കുന്നതിനു പകരം ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ വഴി നല്‍കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. ക്യാമ്പുകളില്‍ ജനങ്ങള്‍ ഒരുമയോടെ വീടുപോലെ കഴിയുകയാണ്. അതിനകത്ത് കടന്ന് പ്രവര്‍ത്തനം ഒഴിവാക്കണം. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും. ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും. കഴിയുന്നിടങ്ങളില്‍ വനിതാ പൊലീസിന്റെ സാന്നിധ്യവുമുണ്ടാകും.

ക്യാമ്പുകളില്‍ ആളുകളെ കാണാനെത്തുന്നതു പുറത്തുവെച്ചാകണം. സംഘടനകളുടെ അടയാളങ്ങളോടെ ക്യാമ്പിലെത്തുന്നത് ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും നിര്‍ദ്ദേശം നല്‍കണം. ജനങ്ങള്‍ ഒഴിഞ്ഞുപോയ വീടുകളില്‍ കവര്‍ച്ചാശ്രമമുണ്ടാകുന്നത് തടയാന്‍ പട്രോളിംഗ് ശക്തമാക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. ക്യാമ്പിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റേണ്ടവരുണ്ടെങ്കില്‍ അതിനുള്ള സൗകര്യമൊരുക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ അല്ലാത്ത സഹായം നല്‍കുന്നതില്‍ തടസ്സമില്ല. വീട് നഷ്ടപ്പെട്ടവര്‍ക്കായി ക്യാമ്പുകള്‍ തുടരും. എന്നാല്‍ സ്‌കൂളുകള്‍ ഉപയോഗിക്കാനാകാത്തതിനാല്‍ പകരം സംവിധാനങ്ങള്‍ ഉറപ്പാക്കും. മരുന്നുകള്‍ ആവശ്യാനുസരണം ലഭ്യമാകുന്നുണ്ട്. ഇക്കാര്യം ആരോഗ്യ സെക്രട്ടറി മുഖേന ഏകോപിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ പരിഹരിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല സമീപനമാണവര്‍ സ്വീകരിച്ചത്. പഞ്ചായത്തുതലത്തിലുള്ള പിരിവുകള്‍ പാടില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കുന്നതാകും ഉചിതമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഇപി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കോടിയേരി ബാലകൃഷ്ണന്‍ (സിപിഐഎം), എംഎം ഹസന്‍ (കോണ്‍ഗ്രസ്), കാനം രാജേന്ദ്രന്‍, പ്രകാശ് ബാബു (സിപിഐ), പിഎസ് ശ്രീധരന്‍ പിള്ള (ബിജെപി), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), കെഎം മാണി(കേരള കോണ്‍ഗ്രസ് എം), വികെ ഇബ്രാഹിംകുഞ്ഞ് (മുസ്ലിം ലീഗ്), കെ കൃഷ്ണന്‍കുട്ടി (ജെഡിഎസ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ്-ജേക്കബ്), പിസി ജോര്‍ജ്, കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി എല്‍), ആര്‍ ബാലകൃഷ്ണപിള്ള (കേരള കോണ്‍ഗ്രസ് ബി), ഷേക്ക് പി ഹാരിസ് (എല്‍ജെഡി), അഡ്വ ജി സുഗുണന്‍ (സിഎംപി), ഉഴമലയ്ക്കല്‍ വേണുഗോപാല്‍ (കേരള കോണ്‍ഗ്രസ് എസ്), അഡ്വ കാര്‍ത്തികേയന്‍ (എന്‍സിപി), തമ്പാനൂര്‍ മോഹനന്‍ (നാഷണല്‍ സെക്യൂലര്‍ കോണ്‍ഫറന്‍സ്) എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top