നെടുമ്പാശേരി തയ്യാറെടുക്കുന്നു, 26 മുതല്‍ സര്‍വീസ് പുന:രാരംഭിക്കും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നിര്‍ത്തിവച്ച സര്‍വീസുകള്‍ ഓഗസ്റ്റ് 26 മുതല്‍ പുന:രാരംഭിക്കും. ഞായറാഴ്ച മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിയാല്‍ പറഞ്ഞു. സര്‍വീസ് പുന:രാരംഭിക്കുന്നതിന്റെ ഭാഗമായി ടെര്‍മിനലിനുള്ളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

വിമാനത്താവളത്തിന്റെ റണ്‍വെ, ടാക്‌സ് വെ, പാര്‍ക്കിംഗ് ബെ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണമായും നീങ്ങിയെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. റണ്‍വെയില്‍ നടത്തേണ്ട ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

പൂര്‍ണസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റണ്‍വെയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ച് പരിശോധിക്കും. വിമാനത്താവളത്തിന്റെ അതിവിശാലമായ ചുറ്റുമതില്‍ തകര്‍ന്നത് പുനര്‍നിര്‍മിക്കുന്നത് വെല്ലുവിളിയാണ്. 2,600 മീറ്റര്‍ മതിലാണ് പ്രളയത്തില്‍ തകര്‍ന്നത്.

നെടുമ്പാശേരി വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നാണ് ഇപ്പോള്‍ ആഭ്യന്തരസര്‍വീസ് നടത്തുന്നത്.

DONT MISS
Top