സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ; കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

പിണറായി വിജയന്‍

തിരുവനന്തപുരം: സൈനിക വേഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്കേപിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയാള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. ഇയാള്‍ സൈനീകനല്ലെന്നും പ്രചരിപ്പിക്കപ്പെടുന്നത് വ്യാജ സന്ദേശമാണെന്നും കരസേനാ മേധാവി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി.

രക്ഷാപ്രവര്‍ത്തന ദൗത്യം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിച്ചില്ലെന്നാരോപിച്ചാണ് യുവാവ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം നടത്തിയത്. വിവരമുള്ളവരാരും നിങ്ങളുടെ പാര്‍ട്ടിയിലില്ലേ എന്നും സൈന്യത്തെ കുറിച്ച് ഒന്നുമറിയാത്തവരാണ് നിങ്ങളെന്നും ഇയാള്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

എന്നാല്‍ ഇയാള്‍ സൈനികനല്ലെന്നും പ്രചരിപ്പിക്കപ്പെടുന്നത് വ്യാജസന്ദേശമാണെന്നും കരസേനാ മേധാവി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇത്തരം പ്രവണതകള്‍ സൈന്യം നടത്തുന്ന വലിയ ദൗത്യത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെയാണ് പൊലീസ് നടപടി എടുക്കുന്നത്.

വെള്ളപ്പൊക്ക ദുരന്തം സംസ്ഥാനം അഭിമുഖീകരിക്കുന്നതിനിടെ നവമാധ്യമങ്ങള്‍ വഴി ഇത്തരം നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. നേരത്തേ മുല്ലപ്പെരിയാര്‍ അണക്കെട്ടു തകര്‍ന്നുവെന്ന് ശബ്ദസന്ദേശം പ്രചരിപ്പിച്ചയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

DONT MISS
Top