സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം: 2022 ല്‍ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാകയുയര്‍ത്തി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. 2022 ല്‍ ഇന്ത്യ ബഹിരാകാശത്ത് ത്രിവര്‍ണ പതാക പാറിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്രദിന പ്രസംഗത്തിലുടനീളം എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി യുപിഎ സര്‍ക്കാരുമായി തന്റെ സര്‍ക്കാരിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. 2022 ആകുമ്പോഴോ അതിന് മുന്‍പോ ഇന്ത്യ ബഹിരാകാശത്തേക്ക് ത്രിവര്‍ണ പതാക പാറിക്കും. മുന്‍ സര്‍ക്കാരിന്റെ വേഗമായിരുന്നെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ദശകങ്ങള്‍ വേണ്ടി വന്നേനെയെന്നും ഇന്ത്യ ഇന്ന് അതിവേഗത്തിലാണ് കുതിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍ ഉള്ളത് അഭിമാനകരമാണെന്നും, ഒരു മന്ത്രിസഭയ്ക്ക് കീഴില്‍ ഇത്രയും വനിതാ മന്ത്രിമാര്‍ എത്തുന്നത് ആദ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ പദ്ധതിയും മോദി സ്വാതന്ത്രദിനത്തില്‍ പ്രഖ്യാപിച്ചു.

സെപ്തംബര്‍ 25 നാണ് ആരോഗ്യ അഭിയാന്‍ പദ്ധതി നിലവില്‍ വരിക. കോടിക്കണക്കിന് വരുന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതി. നേരത്തെ താന്‍ സ്വച്ഛ് ഭാരത് പദ്ധതി കൊണ്ടുവന്നപ്പോള്‍ പലരും ചിരിക്കുകയുണ്ടായി, എന്നാല്‍ ലക്ഷക്കണക്കിന് കുട്ടികള്‍ അതുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

DONT MISS
Top