ക്രൊയേഷ്യയുടെ മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മരിയോ മാന്‍സുകിച്ച്

സാഗ്രെബ്: ക്രൊയേഷ്യയുടെ മുന്നേറ്റ താരം മരിയോ മാന്‍സുകിച്ച് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ തന്റെ 11 വര്‍ഷത്തെ കരിയറിനാണ് താരം വിരാമം കുറിക്കുന്നത്.

റഷ്യന്‍ ലോകകപ്പില്‍ ടീം ഫൈനല്‍ കളിച്ചതിന് പിന്നാലെയാണ് മാന്‍സുകിച്ചിന്റെ മടക്കം. ‘ഞങ്ങളുടെ സ്വപ്‌നത്തിനുവേണ്ടിയായിരുന്നു ജീവിച്ചത്. ചരിത്രപരമായ ഫലവും ലഭിച്ചു. ഒപ്പം ഞങ്ങളുടെ ആരാധകരുടെ സ്‌നേഹവും,’ മാന്‍സുകിച്ച് പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് 4-2 ന് പരാജയപ്പെട്ടുവെങ്കിലും ക്രൊയേഷ്യയുടെ പ്രകടനത്തെ ഫുട്‌ബോള്‍ ലോകം വാനോളം പുകഴ്ത്തിയിരുന്നു.

ക്രൊയേഷ്യയ്ക്ക് വേണ്ടി കളിക്കുന്നതിനോളം അഭിമാനം മറ്റൊന്നുമില്ലെന്നും എത്രകാലം രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിക്കുമോ അത്രയും കാലം കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും പറഞ്ഞ മാന്‍സുകിച്ച്, എന്നാല്‍ തന്നെ സംബന്ധിച്ച് വിടവാങ്ങാന്‍ അനുയോജ്യമായ സമയമിതാണെന്ന് കരുതുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ താരമാണ് 32 കാരനായ മാന്‍സുകിച്ച്. 89 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളുമായി ക്രൊയേഷ്യയുടെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മാന്‍സുകിച്ച്. 45 ഗോളുകള്‍ നേടിയ ദാവര്‍ സുക്കറാണ് താരത്തിന് മുന്നിലുള്ളത്.

DONT MISS
Top