കനത്ത മഴ തുടരുന്നു, ഇടുക്കിയിലെ അടച്ച ഷട്ടറുകള്‍ വീണ്ടും തുറക്കുന്നു

തൊടുപുഴ: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അടച്ച രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാന്‍ തീരുമാനം. ജില്ലയില്‍ തുടരുന്ന കനത്തമഴയില്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സെക്കന്റില്‍ ആറുലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളയാനാണ് അധികൃതരുടെ നീക്കം. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുകയാണ്. അടച്ച രണ്ട് ഷട്ടറുകള്‍ കൂടി തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

വൈകിട്ട് അഞ്ച് മണിമുതല്‍ ഒഴിക്കിവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാനാണ് ആലോചന. നേരത്തെ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി അഞ്ച് ഷട്ടറുകള്‍ തുറന്നിരുന്നു. പിന്നീട് മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഡാമിലെ ജലനിരപ്പിലും കാര്യമായ കുറവുണ്ടായി. 2,402 അടിവരെ ഉയര്‍ന്ന ജലനിരപ്പ് ഇന്ന് രാവിലെ 2,397 ല്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ന് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്.

ശക്തമായ മഴ തീര്‍ത്ത പ്രളയത്തില്‍ മൂന്നാര്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. അടിയന്തരസാഹചര്യം കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.

മൂന്നാര്‍ ദേശീയപാത വെള്ളത്തിനടിയിലായി. അടിമാലിയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി. മഴ ശക്തമായി തുടുരന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 137 അടിയാണ് ഡാമിലെ ജലിിരപ്പ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റോഡുകള്‍ പലതും വെള്ളത്തിലായതോടെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മുതിരപ്പുഴ മുന്‍പില്ലാത്തവിധം നിറഞ്ഞൊഴുകുകയാണ്. പഴയ മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്കമാണ്.

മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. മൂന്നാമത്തെ ഷട്ടറും തുറന്നാല്‍ മൂന്നാര്‍ പൂര്‍ണമായും വെള്ളത്തിനിടയിലാകുമെന്നാണ് സൂചന. നീരൊഴുക്ക് ശക്തമായിതിനെ തുടര്‍ന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ രണ്ടാമത്തെ ഷട്ടര്‍ 50 മീറ്റര്‍ ഉയര്‍ത്തി. ഡാമിലെ നിലവിലെ ജലനിരപ്പ് 1,599.20 മീറ്ററാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 1,599.59 മീറ്ററും.

ഡാമിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ മേഖലകളിലുള്ളവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

DONT MISS
Top