തൂത്തുക്കുടി വെടിവെയ്പ്: സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ 13 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെയ്പിനെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വെടിവെയ്പുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണവും സിബിഐക്ക് വിടണമെന്നും ജസ്റ്റിസുമാരായ സിടി ശെല്‍വം, ബഷീര്‍ അഹമ്മദ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിനിടെ മെയ് 22 നാണ് തൂത്തുക്കുടിയില്‍ പൊലീസ് വെടിവെയ്പുണ്ടായത്. 13 പേര്‍ കൊല്ലപ്പെട്ടതിന് പുറമെ 60 ഓളം പേര്‍ക്ക് വെടിവെയ്പില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള വെടിവെയ്പ് ആസൂത്രിതമാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പൊലീസിനെതിരായ സംശയം ബലപ്പെടുത്തുന്നതാണ്. സാധാരണ വേഷത്തിലെത്തി പരീശീലനം നേടിയ ഷൂട്ടര്‍ പൊലീസ് ബസിന് മുകളില്‍ കയറി നിന്ന് സമരക്കാരെ തെരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്നതായിരുന്നു പുറത്തുവന്ന ദൃശ്യങ്ങള്‍.

തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഉയരുന്ന വിഷപുകയും മാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും മറ്റും കാരണമാകുന്നുണ്ടെന്ന ദീര്‍ഘനാളായുള്ള പ്രദേശവാസികളുടെ പരാതി അവഗണിച്ച് പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ കമ്പനി തീരുമാനിച്ച സാഹചര്യത്തിലായിരുന്നു നേരത്തെ തൂത്തുക്കുടിയില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

DONT MISS
Top