ബോട്ടില്‍ കപ്പലിടിച്ച സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍, ഇടിച്ചത് എംവി ദേശശക്തി തന്നെ

അപകടത്തില്‍പ്പെട്ട ബോട്ട്

കൊച്ചി: കൊച്ചി മുനമ്പത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് ഇന്ത്യന്‍ കപ്പല്‍ എംവി ദേശശക്തി തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ രണ്ട് പേരെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. കപ്പലിന്റെ ക്യാപ്റ്റനെയും സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മംഗളുരു തുറമുഖത്ത് വച്ച് കൊച്ച് മട്ടാഞ്ചേരി പൊലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. അപകടത്തില്‍ നാല് പേരാണ് മരിച്ചത്. എട്ടുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

ഓഗസ്റ്റ് ഏഴിനാണ് അപകടം ഉണ്ടായത്. പതിനാല് പേരുമായി മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് എന്ന ബോട്ടില്‍ കപ്പല്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. കാണാതായ എട്ട് പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പൊഴും തുടരുകയാണ്. ഇവരെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല. രണ്ട് പേരെ മാത്രമാണ് രക്ഷപെടുത്താനായത്.

സംഭവദിവസം തന്നെ മൂന്ന് പേരുടെ മൃതദേഹം കിട്ടിയിരുന്നു. കാണാതായ ഒന്‍പത് പേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. തൃശൂര്‍ ചേറ്റുവയില്‍ നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.

ക്രൂഡ് ഓയില്‍ കൊണ്ടുവരുന്നതിനായി ചെന്നൈയില്‍ നിന്ന് ഇറാനിലേക്ക് പോകവെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. എന്നാല്‍ അപകടമുണ്ടാക്കിയത് തങ്ങളുടെ കപ്പല്‍ അല്ലെന്ന നിലപാടിലായിരുന്നു കപ്പല്‍ അധികൃതര്‍. ഇവര്‍ ഇറാനിലേക്കുള്ള യാത്ര തുടരുകയും ചെയ്തു. എന്നാല്‍ ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളുരു മേഖലയില്‍ നങ്കൂരമിടുകയായിരുന്നു.

DONT MISS
Top