പ്രളയദുരന്തം: ദുരിതാശ്വാസനിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷത്തിന്റെ ചെക്ക് കൈമാറി

തിരുവനന്തപുരം: പ്രളയം വിതച്ച ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്ദാനം ചെയ്ത തുക നടന്‍ മോഹന്‍ലാല്‍ കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് മോഹന്‍ലാല്‍ കൈമാറിയത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളന വേദിയില്‍ എത്തിയാണ് ലാല്‍ തുക കൈമാറിയത്.

നേരത്തെ താരസംഘടനയായ അമ്മയുടെ വകയായി പത്തുലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സംഘടനയുടെ ട്രഷറര്‍ ജഗദീഷും മുകേഷും ചേര്‍ന്നായിരുന്നു ഈ തുക കൈമാറിയത്. പിന്നീട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വ്യക്തിപരമായും സഹായം വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിരുന്നു.

ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ പേര്‍ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിവിധ മേഖലകളിലുള്ള നിരവധി പേര്‍ ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയേക്ക് സംഭാവനകള്‍ കൈമാറിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടിയും തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളവും നല്‍കി. ഒ രാജഗോപാല്‍ എംഎല്‍എ ഒരു മാസത്തെ ശമ്പളമായ 50,000 രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ നല്‍കി. മന്ത്രി കെകെ ശൈലജ, എംപി വീരേന്ദ്രകുമാര്‍ എംപി എന്നിവര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. സിപിഐയുടെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നല്‍കും. ഇതരസംസ്ഥാനങ്ങളിലെയും ഗള്‍ഫിലെയും നിരവധി മലയാളി സംഘടനകള്‍ ഓണാഘോഷങ്ങള്‍ റദ്ദാക്കി സംസ്ഥാനത്തിന് സഹായം കൈമാറാന്‍ തീരുമാനിച്ചു.

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപകചെയര്‍മാനും എംഡിയുമായ ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കി. ഉജാല നിര്‍മാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ് എംഡി എംപി രാമചന്ദ്രന്‍ ഒരു കോടി രൂപ നല്‍കും. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും നല്‍കും. ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ ഗഡുവായി 10 ലക്ഷം രൂപ നല്‍കും. റേഷന്‍ വ്യാപാരികളില്‍ നിന്ന് പിരിച്ചാകും തുക നല്‍കുക. യുഎഇ എക്‌സചേഞ്ച് ചെയര്‍മാന്‍ ബിആര്‍ ഷെട്ടി രണ്ട് കോടി രൂപ നല്‍കി. എന്‍ജിഒ യൂണിയന്‍ 34 ലക്ഷവും കെഎസ്ടിഎ 24 ലക്ഷവും നല്‍കി.

തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ ഒരു കോടി രൂപ കൈമാറി. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ 25 ലക്ഷം നല്‍കി. തമിഴ്താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. തമിഴ്‌നാട്ടിലെ പ്രമുഖ ടിവി ചാനലായ വിജയ് ടിവി 25 ലക്ഷം രൂപ കൈമാറി. തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ തെന്നിന്ത്യന്‍ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ നല്‍കി. തെലുങ്ക് നടന്‍ വിജയ് ദേവരുഗൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി.

DONT MISS
Top