ഇപി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനം: ഇടതുമുന്നണി അഴിമതിയോട് സന്ധി ചെയ്തുവെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവന്തപുരം: ഇപി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ ഇടതുമുന്നണി സ്വജനപക്ഷപാതത്തോടും അഴിമതിയോടും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണഗതിയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുറത്തറിയുന്നത് ഗവര്‍ണ്ണര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ്. ഇവിടെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വകുപ്പുകളൊക്കെ പ്രഖ്യാപിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധമാണ് പാര്‍ട്ടി സെക്രട്ടറി വകുപ്പുകള്‍ പ്രഖ്യാപിക്കുന്നത്. ഇവിടെ ഗവര്‍ണ്ണറെ തന്നെ നോക്കു കുത്തിയാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഈ മന്ത്രി സഭാ പുനഃസംഘടനയോടെ സിപിഐഎമ്മിന്റെ മൂന്ന് മന്ത്രിമാര്‍ കഴിവുകെട്ടവരാണ് എന്നത് തെളിയക്കപ്പെട്ടിരിക്കുകയാണ്. എസി മൊയ്തീന് മൂന്നാമത്തെ വകുപ്പ് മാറ്റമുണ്ടായിരിക്കുകയാണ്. ആദ്യം സഹകരണമായിരുന്നു. പിന്നെ വ്യവസായമായി, ഇപ്പോള്‍ തദ്ദേശ സ്വയംഭരണമാണ് നല്‍കിയിരിക്കുന്നത്. കെടി ജലീലിന്റെ തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രവര്‍ത്തനം തൃപ്തികരമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തില്‍ നിന്ന് ആ വകുപ്പ് എടുത്തുമാറ്റിയത്. പ്രൊഫസറായ രവീന്ദ്ര നാഥിന്റെ കൈകളില്‍ നിന്ന് ലക്ചററായ കെടി ജലീലിന്റെ കൈകളിലേക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. സിപിഐഎം മന്ത്രിമാര്‍ പിടിപ്പ് കെട്ടവവരാണെന്നും കാര്യക്ഷമതയില്ലാത്തവരാണെന്നുമാണ് ഈ വകുപ്പ് മാറ്റത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതു കൊണ്ടൊന്നും ഇടതുമുന്നണിയുടെ കാര്യക്ഷമത വര്‍ധിക്കാന്‍ പോകുന്നില്ല. പ്രവര്‍ത്തിക്കാത്ത സര്‍ക്കാരാണിതെന്ന പ്രതിപക്ഷത്തിന്റെ വാദം ഓരോ ദിവസം കഴിയും തോറും സര്‍ക്കാരും, ഇടതുമുന്നണിയും തന്നെ ശരിവച്ചുകൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേരത്തെ പറഞ്ഞതെല്ലാം വിഴുങ്ങിക്കൊണ്ട് ചീഫ് വിപ്പടക്കം 25 മന്ത്രി സ്ഥാനങ്ങള്‍ തിരുമാനിക്കുക വഴി ഇടതുമുന്നണി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ജനങ്ങള്‍ ഇത് ഗൗരവത്തോടെ എടുക്കുമെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണ്. ഞങ്ങള്‍ മാത്രമല്ല വിഎസ് അച്യുതാനന്ദനും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സുഖമില്ലന്ന പത്രക്കുറിപ്പ് താന്‍ പിറകേ പ്രതീക്ഷിക്കുന്നുണ്ടെന്നും  രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

DONT MISS
Top