അനധികൃത കുടിയേറ്റം: ഇന്ത്യക്കാരുള്‍പ്പടെ 100 പേര്‍ അമേരിക്കയില്‍ പിടിയില്‍

വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റത്തിന് ഇന്ത്യക്കാരുള്‍പ്പടെ 100 പേരെ അമേരിക്കന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിയമലംഘനം നത്തി താമസിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്. ഹൂസ്റ്റണ്‍ മേഖലയില്‍ നിന്നും 45 പേരാണ് പിടിയിലായത്. എത്ര ഇന്ത്യക്കാരാണ് അറസ്റ്റിലായത് എന്ന വിവരം ഏജന്‍സി പുറത്തുവിട്ടിട്ടില്ല.

ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മോക്‌സികോ, ഗ്വാട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ഇന്ത്യ, ചിലി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായതെന്ന് എമിഗ്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിവരുന്ന തെരച്ചിലിനൊടുവിലാണ് നൂറോളം പേരെ പിടികൂടിയിരിക്കുന്നത്.

അനധികൃതമായി കുടിയേറിയവരെയും നാടു കടത്തപ്പെട്ട ശേഷം വീണ്ടും അനധികൃതമായി കുടിയേറിയവരെയുമാണ് പിടികൂടിയിരിക്കുന്നത്. പിടികൂടിയവര്‍ നിയമനടപടി നേരിടേണ്ടിവരും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെക്‌സസില്‍ നിന്നും കഴിഞ്ഞ ആഴ്ച അനധികൃതമായി കുടിയേറിയ 78 പേരെ പിടികൂടിയിരുന്നു. ഇതിലും ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിരുന്നു.

DONT MISS
Top