സൗദിയില്‍ മലപ്പുറം സ്വദേശികളെ മരിച്ചനിലയില്‍ കണ്ടെത്തി

ജിദ്ദ: സൗദിയിലെ ഷറൂറയില്‍ മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കളെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി മല്ലിശേരി വീട്ടില്‍ ഓമനകുട്ടന്‍(42), തിരൂര്‍ കുറ്റിപ്പാല സ്വദേശി പറമ്പന്‍ വീട്ടില്‍ ബീരാന്‍(40) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇവര്‍ താമസിച്ച റൂമില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് സ്പോണ്‍സറെ അറിയിക്കുകയും സ്പോണ്‍സര്‍ പൊലിസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു ഇവര്‍ താമസിച്ച റൂമിന്റെ വാതില്‍. വാതില്‍ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്ത് കയറിയത്. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആറ് വര്‍ഷത്തോളമായി ഓമനകുട്ടന്‍ ഷറൂറയില്‍ ജോലിചെയ്യുന്നു. പിതാവ് ഭാസ്‌ക്കരന്‍, മാതാവ് കല്ലൃാണി, ഭാര്യ രജനി. അരുണ്‍, ധന്യ, ഐശ്വര്യ എന്നിവര്‍ മക്കളാണ്. പരേതരായ സോമന്‍, വിശ്വന്‍, ഉത്തമന്‍, വല്‍സമ്മ, മണിയമ്മ, ശാന്ത, ഉഷ എന്നിവര്‍ സഹോദരങ്ങളാണ്. ഏഴ് വര്‍ഷമായി ഷറൂറയില്‍ ജോലിചെയ്തു വരികയായിരുന്ന ബീരാന്‍ മൂന്നര വര്‍ഷമായി നാട്ടില്‍ അവധിക്ക് പോയി വന്നിട്ട്. ഈ മാസം വീണ്ടും നാട്ടില്‍ പോകാനിരുന്നതാണ്. പിതാവ് പരേതനായ കുഞ്ഞഹമ്മദ്. മാതാവ് ഫാത്തിമ. ഭാര്യ സകീനത്ത്. മിന്‍ഹ ഫാത്തിമ മകളാണ്. സഹോദരങ്ങള്‍- കുഞ്ഞഹമ്മദ് ഷാഫി, നസീര്‍, ഫായിസ, സൈനബ.

ഇരുവരുടേയും മൃതദേഹം ഷറൂറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടിക്രമങ്ങള്‍ക്കാായി കെഎംസിസി പ്രവര്‍ത്തകരായ ഇസ്മാഈല്‍ തിരൂര്‍, റാസിഖ് ഫൈറൂസ് വെളിമുക്ക് എന്നിവരും റഫിഖ് കുന്നംകുളം എന്ന മറ്റൊരു സാമുഹ്യ പ്രവര്‍ത്തകനും രംഗത്തുണ്ട്.

DONT MISS
Top