ഉത്തരവാദിത്ത ടൂറിസം മിഷന്റെ ‘മടവൂര്‍ പാറ ഗ്രാമയാത്ര’ക്ക് തുടക്കമായി

തിരുവനന്തപുരം: മലയാളികളുടെ ഓണത്തനിമ ആസ്വദിക്കാന്‍ കടല്‍ കടന്നും അതിഥികള്‍ എത്തിയപ്പോള്‍ മടവൂര്‍പ്പാറ നിവാസികള്‍ക്കും ഉത്സവ പ്രതീതി. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച് നടത്തിയ ‘മടവൂര്‍ പാറ ഗ്രാമയാത്ര’യോട് അനുബന്ധിച്ചാണ് പത്തംഗ വിദേശ ടൂറിസ്റ്റുകള്‍ മടവൂര്‍ പാറ കാണാനെത്തിയത്.

ഗ്രാമയാത്രയുടെ ഭാഗമായി സംഘം ആദ്യം എത്തിയത് പപ്പടം ഉണ്ടാക്കുന്ന മായയുടെ വീട്ടിലേക്കായിരുന്നു. പപ്പടത്തിനായി മാവ് കുഴക്കുന്നത് മുതല്‍ പപ്പടം കാച്ചുന്നത് വരെ അതിഥികള്‍ക്ക് നവ്യാനുഭവമായി, തുടര്‍ന്ന് ചിപ്‌സ് ഉണ്ടാക്കുന്നതും കണ്ടശേഷം വെറ്റില, കുരുമുളക് കൃഷികളും നേരില്‍ കണ്ട് ആസ്വദിച്ചു, തുടര്‍ന്ന് ഓമനയുടെ വീട്ടിലെ ഓലമെടയല്‍ കാണുകയും, അതില്‍ പങ്കാളികളാകുകയും ചെയ്തു, തുടര്‍ന്ന് പ്രകൃതി രമണീയമായ മടവൂര്‍ പറയുടെ ഗ്രാമഭംഗി ആസ്വദിച്ച സംഘം, പുരാതനമായ ശിവക്ഷേത്രവും സന്ദര്‍ശിച്ച് മനം നിറച്ചു, ഇവര്‍ക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

വാഴയിലയില്‍ സദ്യ വിളമ്പി പായസം കൂട്ടി ഊണ് കഴിച്ച യുകെ സ്വദേശി റോബ് പറഞ്ഞു, കേരള സദ്യ സൂപ്പര്‍. ഇത് തന്നെയായിരുന്നു അഞ്ചോളം രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശികള്‍ക്കും പറയാനുള്ളത്, ഓണത്തിന്റെ ഭാഗമായി സംസ്ഥാന ഉത്തരവാദിത്തമിഷന്‍ സംഘടിപ്പിക്കുന്ന വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സില്‍ പങ്കെടുത്ത റഷ്യ, ജര്‍മ്മനി, ബെല്‍ജിയം, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണസദ്യയും വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സും വ്യത്യസ്ത അനുഭവമായി, തങ്ങള്‍ക്ക് പപ്പടം ഉണ്ടാക്കി കാണിച്ച മായയും, ഓലമെടയാന്‍ സഹായിച്ച ഓമനയോടൊപ്പവും സദ്യ കഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചു.

സംസ്ഥാനത്തെ അപ്രതീക്ഷിതമായ പ്രകൃതിദുരന്തത്തെ തുടര്‍ന്ന് ആഘോഷ പരിപാടികളും, സംസ്ഥാനതല ഉദ്ഘാടനവും ഉപേക്ഷിച്ചാണ് വില്ലേജ് ലൈഫ് എക്‌സീരിയന്‍സിന് തുടക്കം കുറിച്ചത്. എക്പീരിയന്‍സ് ആസ്വദിക്കാനെത്തിയ വിദേശികളെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ മഞ്ഞക്കോടിയും, വാഴക്കാ ചിപ്‌സും, ഉപ്പേരിയും ഉള്‍പ്പെടെയുള്ള ഓണ സമ്മാനം നല്‍കി സ്വീകരിച്ചു, തുടര്‍ന്നായിരുന്നു വിഭവ സമൃദ്ധമായ ഓണസദ്യ. ഇത്തവണ ആഗസ്ത് 15 മുതല്‍ 31 വരെ വിവിധയിടങ്ങളില്‍ ഇത് പോലെയുള്ള ഗ്രാമയാത്രകള്‍ ഉത്തരവാദിത്തമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.

DONT MISS
Top