ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പീഡനം: രണ്ട് വൈദികരും കീഴടങ്ങി

കേസിലെ പ്രതികള്‍

കൊല്ലം: കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് വൈദികര്‍ കൂടി കീഴടങ്ങി. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് ജെയ്സ് കെ ജോര്‍ജ് കീഴടങ്ങിയത്. എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലും കീഴടങ്ങി.  ഇതോടെ കേസില്‍ നാല് പ്രതികള്‍ പിടിയിലായി.

നേരത്തെ സുപ്രിം കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 13 ന് കീഴടങ്ങുമെന്നായിരുന്നു പ്രതികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്.

രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ നേരത്തെ തന്നെ കീഴടങ്ങിയിരുന്നു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. കര്‍ശനഉപാധികളോടെ ഹൈക്കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 12 നാണ് രണ്ടാം പ്രതി ജോബ് മാത്യു കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങിയത്. ജൂലൈ 13 ന് മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 23 നാണ് മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 25 ന് രണ്ടാം പ്രതി ജോബ് മാത്യുവിനും കോടതി ജാമ്യം നല്‍കി. പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ ഹാജരാക്കണം, ആഴ്ചയില്‍ രണ്ട് ദിവസം സ്‌റ്റേഷനില്‍ ഹാജരാകണം, ഇരയെയോ അവരുടെ ബന്ധുക്കളെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

DONT MISS
Top