ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇപി ജയരാജന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായി ഇപി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വ്യവസായ മന്ത്രിയായാണ് ഇപി ജയരാജന്‍ ചുമതലയേല്‍ക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ രീതിയിലാണ് ചടങ്ങ്.

200 പേര്‍ക്ക് മാത്രമേ ചടങ്ങിലേക്ക് ക്ഷണമുള്ളു. അത്രയും പേര്‍ക്കു മാത്രമായി ചായസല്‍ക്കാരവും നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം 11 മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കും.

ബന്ധുനിയമ വിവാദവുമായി ബന്ധപ്പെട്ട് ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം അദ്ദേഹത്തിന്‌റെ വകുപ്പുകള്‍ പകരം ചുമതലയേറ്റ എസി മൊയ്തീനാണ് കൈകാര്യം ചെയ്തിരുന്നത്. കുറ്റവിമുക്തനായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുമ്പോള്‍ പഴയ വകുപ്പുകള്‍ എല്ലാം ജയരാജന് തിരികെ നല്‍കും. എസി മൊയ്തീന് തദ്ദേശഭരണവകുപ്പ് മാത്രമാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ന്യൂനപക്ഷം, വഖഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വലിയ ചുമതലകള്‍ കെടി ജലീലിനെ ഏല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top