വയനാട്ടില്‍ കനത്ത മഴ തുടരുന്നു; മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം തുറന്നതില്‍ കളക്ടര്‍ വിശദീകരണം തേടി

കല്‍പ്പറ്റ: വയനാട്ടില്‍ മഴ ശക്തമായി തുടരുന്നു. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് മഴ കൂടുതല്‍ ശക്തമായത്. ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പ് നല്‍കാതെയാണെന്ന പരാതിയുമായി നാട്ടുകാര്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ രാത്രി ശക്തമായ മഴയാണ് മാനന്തവാടി, വൈത്തിരി താലൂക്കുകളില്‍ ലഭിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റടിച്ചതോടെ പലയിടങ്ങളിലും മരങ്ങള്‍ റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ബത്തേരിയില്‍ വീടിന്റെ ചുമരി ടിഞ്ഞ് വീണ് വയോധിക മരിച്ചു. ഇതോടെ കാലവര്‍ഷത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി.

മന്ത്രി ടിപി രാമകൃഷ്ണന്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.ബാണാസുര സാഗര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്ന് വിട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തത്തി. ഈ മാസം എട്ടിനാണ് ഡാമിന്റെ നാല് ഷട്ടറുകളും തുറന്നത്. ജില്ലാ കളക്ടറുടെ അനുമതി വാങ്ങാതെയാണ് ഡാം തുറന്നതെന്നാണ് പരാതി.

ഡാം തുറന്നതോടെ തൊട്ടടുത്ത പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. വീടുകള്‍ തകര്‍ന്നു. പരാതിയെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.

DONT MISS
Top