റഫേല്‍ കരാര്‍: കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാജ്യ താത്പര്യങ്ങള്‍ അട്ടിമറിക്കാനെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: റഫേല്‍ ഇടപാടിലെ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ രാജ്യ താല്‍പ്പര്യം അട്ടിമറിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബൊഫോഴ്‌സ് അഴിമതി വേട്ടയാടുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇതരസര്‍ക്കാരുകള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. പ്രതിപക്ഷഐക്യം പരാജയപ്പെട്ട ആശയമാണെന്നും ജനമാഗ്രഹിക്കുന്നത് സ്ഥിരതയുള്ള സര്‍ക്കാരിനെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസില്‍ വിശ്വാസമില്ലാത്ത പ്രതിപക്ഷമാണ് പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നതെന്നും ആള്‍ക്കൂട്ട കൊലപാതകം ആര് നടത്തിയാലും അപലപിക്കുന്നുവെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

“ബോഫോഴ്‌സ് അഴിമതിയുടെ ബാധ ഒഴിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനായി നുണകള്‍ ആവര്‍ത്തിക്കുകയാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിന് എതിരെയും ഇതേകാര്യമാണ് ചെയ്തത്. സര്‍ക്കാരുകള്‍ തമ്മിലുള്ള സുതാര്യവും സത്യസന്ധവുമായ ഇടപാടാണ് റഫേലിനായുള്ളത്. രാജ്യതാത്പര്യം അട്ടിമറിക്കുന്ന പ്രചാരണങ്ങളാണ് മറ്റെല്ലാം”. പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ഐക്യമെന്ന പരാജയപ്പെട്ട ആശയം തെരഞ്ഞെടുപ്പിന് മുന്‍പാണോ പിന്‍പാണോ തകരുക എന്നത് മാത്രമേ കാണാനുള്ളു. ആഗ്രഹിക്കുന്നത് സ്ഥിരതയുള്ള സര്‍ക്കാരിനെയാണ്. ആള്‍ക്കൂട്ടകൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ആര് എന്ത് ലക്ഷ്യം വച്ച് നടത്തിയാലും കുറ്റകരമാണ്. രാഹുല്‍ ഗാന്ധിയുടെ ആലിംഗനം കുട്ടിത്തത്തിന്റെ ഭാഗമോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും കണ്ണിറുക്കുന്ന ദൃശ്യം കണ്ടാല്‍ ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

DONT MISS
Top