മീശ നിരോധിക്കേണ്ട, നോവലിലെ വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്ന് ഹര്‍ജിക്കാരന്‍

എസ് ഹരീഷ് എഴുതിയ മലയാളം നോവല്‍ മീശയ്‌ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ നോവല്‍ നിരോധിക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി. മീശ നോവലിന് എതിരായ ഹര്‍ജി പരിഗണിക്കവെ പുസ്തകങ്ങള്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ലെന്നും അത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ തടയുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മീശ പൂര്‍ണ്ണമായും നിരോധിക്കേണ്ടതില്ലെന്നും ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുകയും അപഹിസിക്കുകയും ചെയ്യുന്ന നോവലിലെ വിവാദഭാഗങ്ങള്‍ നീക്കിയാല്‍ മതിയെന്നും സുപ്രിം കോടതിയില്‍ എഴുതി നല്‍കിയ സബ്മിഷനില്‍ രാധാകൃഷ്ണന്‍ വരേണിക്കല്‍ വ്യക്തമാക്കിയത് എന്നാണ് സൂചന.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന് പിന്‍വലിച്ച നോവല്‍ പുസ്തകരൂപത്തില്‍ ഇറക്കിയത് കോടതിയുടെ നിരോധനം ഒഴിവാക്കാന്‍ ആയിരുന്നെന്നും രാധാകൃഷ്ണന്‍ വരേണിക്കല്‍ ആരോപിക്കുന്നു. നോവലിലെ വിവാദഭാഗങ്ങള്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം എന്നാണ് നോവലിസ്റ്റും പ്രസാധകരും പറയുന്നത്. എന്നാല്‍ സന്ദര്‍ഭത്തില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടുള്ള സംഭാഷണമാണിത്. നോവലിസ്റ്റിന്റെ ലൈംഗിക വൈകൃതസ്വഭാവമാണ് വിവാദ സംഭാഷണങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും സബ്മിഷനില്‍ ആരോപിച്ചിട്ടുണ്ട്. ഇവ നീക്കം ചെയ്താലും നോവലിന്റെ മുഖ്യപ്രമേയത്തിന് യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും രാധാകൃഷ്ണന്‍ വരേണിക്കല്‍ ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തിന്റെ ആദ്യ മൂന്ന് അധ്യായങ്ങള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്ത് കോടതിക്ക് കൈമാറാന്‍ മാതൃഭൂമിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. 62 പേജ് ദൈര്‍ഘ്യമുള്ള തര്‍ജ്ജിമ മാതൃഭൂമി സുപ്രിം കോടതിക്ക് കൈമാറിയതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ വരേണിക്കല്‍ തന്റെ സബ്മിഷനുകള്‍ കോടതിക്ക് എഴുതി നല്‍കിയത്. സുപ്രിം കോടതിയില്‍ മാതൃഭൂമി സമര്‍പ്പിച്ച പരിഭാഷ നോവലിന്റെ മയപ്പെടുത്തിയ പതിപ്പ് ആണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ചലച്ചിത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെയും ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പോലെ പുസ്തകങ്ങള്‍ സെന്‍സര്‍ ചെയ്യാന്‍ സംവിധാനമില്ല. നിയമത്തിലെ ഈ ന്യൂനത പ്രസാധകര്‍ മുതലെടുക്കുകയാണ്. ഇത് തടയാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കാന്‍ വാര്‍ത്താവിതരണ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും രാധാകൃഷ്ണന്‍ വരേണിക്കല്‍ എഴുതി നല്‍കിയ സബ്മിഷനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ മീശ നോവലിനെതിരെ നല്‍കിയ ഹര്‍ജി വിധി പറയാനായി സുപ്രിം കോടതി മാറ്റിയിരിക്കുകയാണ്. നോവല്‍ പ്രസിദ്ധീകരിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കണമെന്നും നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പികള്‍ പിടിച്ചെടുക്കണമെന്നും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത് തടയുകയും ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

DONT MISS
Top