കന്യാസ്ത്രീയുടെ പീഡനപരാതി: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ രൂപതാ വൈദികരുടെ മൊഴി


ദില്ലി: കന്യാസ്ത്രീ നല്‍കിയ പീഡന പരാതി അന്വേഷിക്കുന്ന പ്രത്യേകസംഘം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നും ചോദ്യം ചെയ്തില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് ചോദ്യം ചെയ്യല്‍ വൈകുന്നതെന്നാണ് വിശദീകരണം. കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പില്ലെന്ന് നിലവിലെ മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീന മൊഴി നല്‍കിയെന്നാണ് സൂചന.

ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീ മഠത്തിലെത്തിയ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ് അഞ്ച് മണിക്കൂറിലധികം നീണ്ടു. മദര്‍ ജനറാളും കന്യാസ്ത്രീകളും ബിഷപ്പിനനുകൂലമായ മുന്‍ നിലപാട് ആവര്‍ത്തിച്ചുവെന്നാണ് വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമേ ബിഷപ്പിനെ ചോദ്യം ചെയ്യുകയുള്ളു എന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കും.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. രൂപതയിലെ തന്നെ വൈദികരില്‍ നിന്നും ബിഷപ്പിനെതിരായ മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ നേരത്തെ തന്നെ നല്‍കിയിരുന്നതായി രൂപതയിലെ ഒരു വൈദികന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

DONT MISS
Top