തൃണമൂലിനെയും മമതയെയും ബംഗാളില്‍ നിന്ന് വേരോടെ പിഴുതെറിയും: അമിത് ഷാ

അമിത് ഷാ

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലെ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റവും ദേശീയ പൗരത്വ പട്ടികയുമാകും ബംഗാളിലെ തെരഞ്ഞെടുപ്പ് വിഷയം എന്നും അമിത് ഷാ കൊല്‍ക്കത്തയില്‍ ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിച്ച് കൊണ്ട് വ്യക്തമാക്കി. നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൊതു തെരഞ്ഞെടുപ്പ് നേരത്ത ആക്കില്ലെന്ന് ഷാ വ്യക്തമാക്കി.

കൊല്‍ക്കത്തയില്‍ ഭാരതീയ യുവമോര്‍ച്ച സംഘടിപ്പിച്ച റാലിയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെ അധികാരത്തില്‍ നിന്ന് വേരോടെ പിഴുതെറിയുമെന്ന് അമിത് ഷാ അവകാശപ്പെട്ടത്. ദേശീയ പൗരത്വ പട്ടികയാകും ബംഗാളിലെ തെരഞ്ഞെടുപ്പ് വിഷയം. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി വരുന്നവരെ മമത സംരക്ഷിക്കുകയാണ്. വോട്ട് ബാങ്ക് ആയതിനാലാണ് മമതയുടെ ഈ പ്രീണനം എന്നും ഷാ ആരോപിച്ചു.

ദേശീയ പൗരത്വ പട്ടിക സംബന്ധിച്ച് രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷാ പൊതു തെരഞ്ഞെടുപ്പ് നേരത്തെ ആകില്ലെന്ന് വ്യക്തമാക്കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബിജെപി തന്നെ വീണ്ടും സര്‍ക്കാരുണ്ടാക്കും. ഇവിടെ സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധവികാരം ഇല്ലെന്നും ഷാ അവകാശപ്പെട്ടു.

റഫേല്‍ വിമാനക്കരാറില്‍ അഴിമതിയുണ്ടെന്ന ആരോപണത്തിന് പ്രതിരോധമന്ത്രി മറുപടി നല്‍കിയിട്ടുള്ളതാണ്. പണിയൊന്നുമില്ലാത്ത പ്രതിപക്ഷം പറയുന്നതാണോ അതോ പ്രതിരോധമന്ത്രി പറയുന്നതാണോ രാജ്യം വിശ്വസിക്കുക എന്നും അമിത് ഷാ ചോദിച്ചു.

DONT MISS
Top