പ്രളയദുരന്തം: വീടും വസ്തുവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം വരെ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രളയക്കെടുതിയെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടണമെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. ഇതില്‍ ആറ് ലക്ഷം വസ്തു വാങ്ങാനും നാല് ലക്ഷം വീട് വയ്ക്കാനുമാണ് നല്‍കുക. വീടോ സ്ഥലമോ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദുരിതാശ്വാസക്യാംപുകളിലുള്ള കുടുംബങ്ങള്‍ക്ക് ഉടന്‍ തന്നെ 3,800 രൂപ വീതം ധനസഹായം നല്‍കും. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ ഉറപ്പാക്കും. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ച് സഹായം നല്‍കും.  നഷ്ടപ്പെട്ട രേഖകള്‍ തിരികെ നല്‍കാന്‍ പ്രത്യേക അദാലത്ത് നടത്തും. ഇതിനായി ഫീസ് വാങ്ങില്ല. ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കും. എന്നാല്‍ ദുരിതാശ്വാസ ക്യംപിലുള്ളവര്‍ക്ക് അടിയന്തസഹായം എത്തിക്കാനാണ് പ്രഥമ പരിഗണനയെന്നും ഇക്കാര്യത്തില്‍ ഒരു വീഴ്ചയും ഉണ്ടാവരുതെന്നും മുഖ്യമന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശവും നല്‍കിയാണ് മടങ്ങിയത്.

വയനാട് ബത്തേരി സെന്റ് മേരീസ് കോളെജ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രിയും സംഘവും ഉള്‍പ്പെട്ട ലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇവിടെനിന്ന് സംഘം കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസക്യാംപിലേക്ക് പോയി. ദുരിതാശ്വാസ ക്യാംപില്‍ ഉള്ളവരെ നേരില്‍ക്കണ്ട് ആശയവിനിമയം നടത്തി.

മുഖ്യമന്ത്രിയ്ക്ക് പുറമെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യൂവകപ്പ് സെക്രട്ടറി പിഎച്ച് കുര്യന്‍ എന്നിവരും സംഘത്തിലുണ്ട്.

DONT MISS
Top