രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം, രാഹുല്‍ ജയ്പൂരില്‍

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് ജയ്പൂരില്‍ തുടക്കമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചരണോദ്ഘാടനം നിര്‍വ്വഹിക്കും.

രാംലീല മൈതാനത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ എല്ലാ പ്രവര്‍ത്തകരെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. ജയ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ വാഹനത്തിലാണ് രാഹുല്‍ എത്തിച്ചേരുക. വിവിധയിടങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും. ജയ്പൂരില്‍ റോഡ് ഷോയും സംഘടിപ്പിക്കും.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ശേഷം ആദ്യമായി രാജസ്ഥാനിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകര്‍ ഹൃദ്യമായ വരവേല്‍പൊരുക്കുമെന്ന് പാര്‍ട്ടി സംസ്ഥാന മേധാവി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരുന്ന മൂന്ന് മാസങ്ങള്‍ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കും. സന്ദര്‍ശനത്തിന്റെ ഭാഗമായി രാജസ്ഥാനിലെ പ്രധാന ക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

DONT MISS
Top