ഇന്ന് നടത്താനിരുന്ന ഭാരത് ബന്ദ് പിന്‍വലിച്ചു

ദില്ലി: പട്ടിക വിഭാഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കിയ സുപ്രിം കോടതി വിധിക്കെതിരെ ദലിത് സംഘടനകള്‍ ഇന്നത്തേക്ക് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പിന്‍വലിച്ചു. ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. സുപ്രിംകോടതി വിധി മറികടക്കുന്നതിനുള്ള ബില്‍ ലോക്‌സഭ നടപ്പു സമ്മേളനത്തില്‍ പാസാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ദ് പിന്‍വലിക്കുന്നതെന്ന് ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ബില്ല് പാസാക്കാന്‍ സഹകരിച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടന നന്ദി രേഖപ്പെടുത്തി.

നേരത്തെ ബന്ദില്‍ അക്രമസാധ്യത മുന്നില്‍ കണ്ട് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിരുന്നു. ഏപ്രില്‍ രണ്ടിന് നടന്ന ഭാരത് ബന്ദിനിടെയുണ്ടായ ആക്രമണത്തിലും പൊലീസ് വെടിവെപ്പിലും 10 ല്‍ അധികം സമരക്കാര്‍ മരിച്ചിരുന്നു. വിധി മറികടക്കാന്‍ ബില്‍ കൊണ്ടുവന്നതിനാല്‍ ബന്ദില്‍ നിന്ന് പിന്മാറണം എന്ന് കേന്ദ്ര സര്‍ക്കാര്‍ ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം കേന്ദ്രത്തിന്റെ കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു വിന്റെയും അഖിലേന്ത്യാ കിസാന്‍ സഭയുടെയും നേതൃത്വത്തിലുള്ള ജയില്‍ നിറക്കല്‍ സമരവും ഇന്ന് നടക്കും. 20 ലക്ഷത്തോളും കര്‍ഷകരും തൊഴിലാളികളും അണിനിരക്കുന്ന സമരമാണ് ഇന്ന് നടക്കുകയെന്ന് കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു. രാജ്യത്തെ 400 ജില്ലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സമരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റ് വരിക്കും. കിസാന്‍ സഭ ശേഖരിച്ച 10 കോടിയോളം ഒപ്പുകള്‍ ജില്ലാ ഭരണാധികാരികള്‍ വഴി പ്രധാനമന്ത്രിക്ക് കൈമാറും.

DONT MISS
Top