എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്ന് മോഹന്‍ലാല്‍; അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നാടകീയ രംഗങ്ങള്‍

അമ്മ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം 6 മണിക്കൂറോളം നീണ്ടു. 3 മണിക്ക് എക്‌സിക്യൂട്ടിവ് യോഗം തുടര്‍ന്ന് 4 മണിക്ക് ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച. അതിനുപിന്നാലെ ഷമ്മി തിലകനും ജോയ് മാത്യുവുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മോഹന്‍ലാലിന്റെ പത്ര സമ്മേളനം. ഒന്നും വ്യക്തതയാകാതെയായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയത്. ആദ്യ എക്‌സിക്യൂട്ടിവീല്‍ സംഘടയ്ക്ക് ഉള്ളിലുണ്ടായ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്യ്തത്. രചനാ നാരായണന്‍ കുട്ടിയും ഹണി റോസും അക്രമിക്കപ്പെട്ട നടിയ്ക്കുവേണ്ടി ഹര്‍ജിയില്‍ പങ്കുചേര്‍ന്ന വിഷയമായിരുന്നു ചര്‍ച്ചയായത്. വനിതാ ജഡ്ജിയെ നിയമിക്കണമെന്നും വിചാരണക്കോടതി തൃശൂറിലേക്ക് മാറ്റണമെന്നും 25 വര്‍ഷം പരിചയമുള്ള പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഇവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തേക്കുറിച്ച് താന്‍ അറിയാതെയാണ് അതില്‍ എഴുതിച്ചേര്‍ത്തതെന്ന് ഹണി റോസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ച വിഷയത്തില്‍ അതീവ ഗൗരവത്തോടെയാണ് മോഹന്‍ലാല്‍ ചര്‍ച്ചനടത്തിയത്. ഇതേക്കുറിച്ച് എഴുതിച്ചേര്‍ത്തത് ആരെന്ന് അന്വേഷിക്കുമെന്നും എന്നാല്‍ നടിക്കൊപ്പം ഇവരെടുത്ത തീരുമാനത്തിന് പിന്തുണയാണ് അമ്മ നല്‍കിയതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹണി റോസ് ആവശ്യപ്പെട്ടു. ഈ വിഷയത്തോട് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ അവരെ മോഹന്‍ലാല്‍ അനുനയിപ്പിക്കുകയായിരുന്നു.

എഴുതിത്തയാറാക്കിയ 25ല്‍ പരം ആവശ്യങ്ങളുമായാണ് നടിമാരായ പാര്‍വതിയും പദ്മപ്രിയയും രേവതിയും എത്തിയത്. നേരത്തെ ഉന്നയിച്ച ആരോപണമായിരുന്നു ആദ്യ റൗണ്ടില്‍ ചര്‍ച്ച. ആ ചര്‍ച്ചയില്‍ ഫലം കാണാതെ ഇവര്‍ പുറത്തേക്ക്. പുറത്തേക്ക് എത്തിയ ഇവരെ തിരിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ ബാബുരാജും ശ്വേതാ മേനോനും നന്നേ പാടുപെട്ടു. 15 മിനുട്ടിന് ശേഷം വീണ്ടും ഇവര്‍ അകത്തേക്ക്. വീണ്ടും ഒരു മണിക്കൂര്‍ വാഗ്വാദങ്ങളായിരുന്നു നടന്നത്. രാജിവച്ച നടിമാരെ സംഘടനയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അക്കാര്യം എതിര്‍ത്തു. ഇക്കാര്യത്തിലാണ് ആദ്യം ശബ്ദമുയര്‍ന്നത്.

പിന്നീട് മോഹന്‍ലാല്‍ ഈ ചര്‍ച്ച മാറ്റുകയായിപുന്നു. ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതിന് മുമ്പ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ കത്തുനല്കിയിരുന്നു. ഈ ചര്‍ച്ചയിലും അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടായത്. വീണ്ടും നടിമാര്‍ പുറത്തേക്ക് ഇറങ്ങി. നടന്‍ സിദ്ദിഖും ബാബുരാജും മറ്റൊരു മുറിയില്‍ ഇവരുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു. അതിനുശേഷം ഏഴ് മണിയോടെ അംഗങ്ങളുമായി മോഹന്‍ലാലിന്റെ അസാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ഇന്ന് ഇവര്‍ നല്‍കിയ കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു പദ്മപ്രിയ ആവശ്യപ്പെട്ടത്. എന്നാല്‍ അത് വിശദമായി പരിശോധിച്ചതിന് ശേഷമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ഇടവേളബാബു അറിയിച്ചു. ഇവിടെയും വാക്കുതര്‍ക്കം മൂര്‍ഛിച്ചു. നിലവില്‍ ഇവര്‍ ആവശ്യപ്പെട്ട ഒരുകാര്യങ്ങള്‍ക്കും തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. അടുത്ത എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ഉടന്‍ ജനറല്‍ബോഡി വിളിച്ച് വോട്ടിംഗിലൂടെ പരിഹരിക്കാമെന്ന് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചതുതന്നെ നടന്‍ ജഗദീഷും മുകേഷും ഇവരെ അറിയിച്ചു. ചര്‍ച്ചയില്‍ തൃപ്തരാണെന്നും തീരുമാനമെടുക്കേണ്ടത് സംഘടനയാണെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ പറഞ്ഞു. ചുരുക്കത്തില്‍ നടിമാരുമായി നടത്തിയ ചര്‍ച്ച അമ്മ സംഘടയ്ക്ക് വീണ്ടും തലവേദനയാവുകയാണ്.

DONT MISS
Top