കരുണാനിധിയുടെ വേര്‍പാട്: ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായിരുന്ന കരുണാനിധിയുടെ വേര്‍പാടില്‍ വിതുമ്പി  തമിഴകം. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെ സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളെജുകളും അടഞ്ഞുകിടക്കും.

കരുണാനിധിയുടെ വിയോഗത്തില്‍ രാഷ്ട്രീയ സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ നാളെ ചെന്നൈയിലെത്തും. അതേസമയം എല്ലാവരും ശാന്തരാകണമെന്നും അച്ചടക്കം പാലിക്കണമെന്നും കരുണാനിധിയുടെ മകനും ഡിഎംകെ നേതാവുമായ സ്റ്റാലിന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗോപാലപുരത്തെ വസതിയില്‍ നിന്നും കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരുതരമാവുകയായിരുന്നു.

DONT MISS
Top