കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. 94 വയസായിരുന്നു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കരുണാനിധിയുടെ ആരോഗ്യനില വളരെ മോശമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തകരാറിലായതും പ്രായാധിക്യത്തെ തുടര്‍ന്ന് മരുന്നുകള്‍ ഫലിക്കാതെ വരുകയും ചെയ്തതോടെ വൈകിട്ടോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കരുണാനിധിയുടെ മരണവാര്‍ത്തയെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം സുരക്ഷശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിഎംകെ പ്രവര്‍ത്തകരെ കൊണ്ട് കാവേരി ആശുപത്രി പരിസരം തിങ്ങിനിറഞ്ഞിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് വന്‍ പൊലീസ് സന്നാഹത്തെയാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ പത്ത് ദിവസമായി കരുണാനിധി ചികിത്സയിലാണ്. ജൂലൈ 28 ന് രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി അതീവമോശമാവുകയും കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി പതിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ശരീരം മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തതോടെ വീണ്ടും ആശ്വാസവാര്‍ത്തകളെത്തി. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും പെട്ടെന്ന് ആരോഗ്യനില വഷളാവുകയായിരുന്നു.

DONT MISS
Top