സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നു; പെണ്‍കുട്ടികളെ ബിജെപി എംഎല്‍എമാരില്‍ നിന്ന് സംരക്ഷിക്കേണ്ട അവസ്ഥയാണെന്നും രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദില്ലിയില്‍ മഹിളാ അധികാര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്ന പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും സ്ത്രീകള്‍ അതിക്രമത്തിനിരയാകുമ്പോള്‍ ഒരക്ഷരം പോലും മിണ്ടുന്നില്ല. പ്രതികള്‍ ബിജെപിയില്‍ ഉള്ളവരാണെങ്കില്‍ അവര്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ല. ബലാത്സംഗ കേസുകളില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല. 70 വര്‍ഷത്തിനിടയില്‍ സംഭവിക്കാത്തത്ര അക്രമങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നത്, രാഹുല്‍ ചൂണ്ടിക്കാട്ടി.

അവര്‍ ഒരുപാട് സംസാരിക്കുന്നു എന്നാല്‍ വനിതാ സംവരണ ബില്‍ ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്. ബില്‍ പാസാക്കാന്‍ തീരുമാനിക്കുന്ന ദിവസം എല്ലാവരുടേയും പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേരത്തെതന്നെ അറിയിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടി അധികാരത്തില്‍ എത്തിയാലുടന്‍ ബില്‍ പാസാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ എന്ന് പറയുന്നു, എന്നാല്‍ പെണ്‍കുട്ടികളെ ബിജെപി എംഎല്‍എമാരില്‍ നിന്ന് സംരക്ഷിക്കേണ്ട അവസ്ഥയാണുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സ്ത്രീകളെ സ്വാഗതം ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ മാത്രം രാജ്യം മുന്നോട്ട് നയിച്ചാല്‍ മതിയെന്ന ചിന്താഗതിയാണ് ബിജെപിക്കും ആര്‍എസ്എസിനുമുള്ളതെന്നും, സ്ത്രീകളെ നേതൃനിരയിലേക്ക് പരിഗണിക്കുന്ന ചരിത്രം ആര്‍എസ്എസിനില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

DONT MISS
Top