അക്രമ രാഷ്ട്രീയം: രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ തയ്യാറാകുമോയെന്ന് സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്തിന്റെ മഹനീയ പാരമ്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രധാനപ്പെട്ടതും പ്രസക്തവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. തിരുവനന്തപുരത്ത് ‘ജനാധിപത്യത്തിന്റെ ഉത്സവം’ നടക്കുമ്പോള്‍ തന്നെയാണ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ട മഞ്ചേശ്വരം ഉപ്പളയിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ അബൂബക്കര്‍ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടി വന്നതെന്നും സുധീരന്‍ പറഞ്ഞു.

രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ തയ്യാറാകുമോയെന്ന് ചോദിച്ച സുധീരന്‍, അക്രമികള്‍ ആരായാലും അത് ബിജെപിയിലോ സിപിഐഎമ്മിലോ ആര്‍എസ്എസിലോ എസ്ഡിപിഐയിലോ പെട്ടവരാകട്ടെ അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും അര്‍ഹമായ നിലയില്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമൊരുക്കാനും പൊലീസിന് കഴിഞ്ഞാല്‍ മാത്രമേ അക്രമ രാഷ്ട്രീയം ഇല്ലാതാക്കാനാവൂയെന്നും കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങള്‍ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും മഹനീയ പാരമ്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം എത്രയോ പ്രധാനപ്പെട്ടതും പ്രസക്തവുമാണ്. അക്രമം അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും ബോധമുള്ള എല്ലാ പൗരന്മാരും അങ്ങേയറ്റം ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാന നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് രാഷ്ട്രപതിയുടെ ഈ ഉദ്‌ബോധനം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് ‘ജനാധിപത്യത്തിന്റെ ഉത്സവം’ നടക്കുമ്പോള്‍ തന്നെയാണ് ആര്‍എസ്എസുകാരാല്‍ കൊല്ലപ്പെട്ട മഞ്ചേശ്വരം ഉപ്പളയിലെ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ അബൂബക്കര്‍ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടി വന്നത്. അങ്ങേയറ്റം അപലപനീയമാണ് ഈ ക്രൂരമായ കൊലപാതകം. കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സിപിഐഎമ്മും പരസ്പരം നടത്തിവരുന്ന ആളെ കൊല്ലുന്ന രാഷ്ട്രീയ പരമ്പരയുടെ ഒടുവിലത്തെ ഇരയാണ് അബൂബക്കര്‍ സിദ്ദിഖ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ എത്രയെത്ര രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊലക്കത്തിക്കിരയായത്. എത്രയോ കുടുംബങ്ങളിലാണ് തോരാത്ത കണ്ണീരുമായി ഉറ്റവര്‍ കഴിയുന്നത്.

നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഷുഹൈബ് വധത്തിന്റെ അലയടി ഇന്നും സജീവമായി നിലനില്‍ക്കുകയാണ്. ഇതിനുത്തരവാദികള്‍ സിപിഐഎം ക്രിമിനലുകളാണെങ്കില്‍ മഹാരാജാസിലെ അഭിമന്യുവിനെ മൃഗീയമായി കൊലപ്പെടുത്തിയത് തീവ്ര വര്‍ഗീയ പ്രസ്ഥാനമായ എസ്.ഡി.പി.ഐ കൊലയാളികളാണ്. യുവാവായ ഷുഹൈബിന്റെയും വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെയും കുടുംബങ്ങളുടെ സര്‍വ്വ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകര്‍ക്കപ്പെട്ടത്. ഇനിയെങ്കിലും ആയുധങ്ങള്‍ ഉപേക്ഷിക്കാനും കൊലപാതക രാഷ്ട്രീയ ശൈലിയില്‍ നിന്നും പിന്‍വാങ്ങാനും ബിജെപിയും സിപിഐഎമ്മും ആര്‍എസ്എസും എസ്ഡിപിഐയും തയ്യാറാകണം.

കൊലപാതകമുള്‍പ്പെടെ കുറ്റകൃത്യം ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ ശക്തവും മാതൃകാപരവുമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസിന് കഴിയാത്തതാണ് ഈയൊരു ദുരവസ്ഥയിലേക്ക് എത്തിച്ചത്. നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ പൊലീസിനെ പ്രാപ്തമാക്കിയേ മതിയാകൂ. രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ തയ്യാറാകുമോ? പൊലീസിനെ തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റാന്‍ അനുവദിക്കുമോ? ഇതാണ് പ്രസക്തമായ ചോദ്യം.

അക്രമികള്‍ ആരായാലും അത് ബിജെപിയിലോ സിപിഐഎമ്മിലോ ആര്‍എസ്എസിലോ എസ്ഡിപിഐയിലോ പെട്ടവരാകട്ടെ അവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കാനും അര്‍ഹമായ നിലയില്‍ ശിക്ഷിക്കപ്പെടുന്ന സാഹചര്യമൊരുക്കാനും പൊലീസിന് കഴിഞ്ഞാല്‍ മാത്രമേ അക്രമ രാഷ്ട്രീയം ഇല്ലാതാക്കാനാവൂ. രാഷ്ട്രപതിയുടെ കേരളത്തെ കുറിച്ചുള്ള പ്രസക്തമായ വിലയിരുത്തലും തുടര്‍ന്നുള്ള ആഹ്വാനവും ചോരക്കളിയുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടേയും അതിനെല്ലാം നേതൃത്വം കൊടുക്കുന്നവരുടേയും കണ്ണു തുറപ്പിക്കട്ടെ, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top