കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു; ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷ

കാവേരി ആശുപത്രിക്ക് പുറത്ത് നില്‍ക്കുന്ന ജനങ്ങള്‍

ചെന്നൈ: ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ നേതാവ് എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

കനിമൊഴി, സ്റ്റാലിന്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകീട്ടോടെയാണ് കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും, അടുത്ത 24 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. പ്രായാധിക്യമാണ് പ്രധാന വെല്ലുവിളി.

രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് ഗോപാലപുരത്തെ വസതിയില്‍ നിന്നും കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഗുരതരമാവുകയായിരുന്നു.

അതേസമയം കരുണാനിധിയുടെ നില ഗുരുതരമായി തുടരുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഡിഎംകെ പ്രവര്‍ത്തകര്‍ അടക്കം വന്‍ ജനാവലിയാണ് കാവേരി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിക്ക് പുറത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

DONT MISS
Top