ജനിക്കാന്‍ പോകുന്ന കുഞ്ഞിന് പൂര്‍ണ ആരോഗ്യം ലഭിക്കും; ആള്‍ ദൈവത്തിന്റെ നിര്‍ദേശപ്രകാരം മൂത്ത മകളെ ദമ്പതികള്‍ കൊന്ന് കുഴിച്ചു മൂടി

ലഖ്‌നൗ: ജനിക്കാന്‍ പോകുന്ന അടുത്ത കുഞ്ഞിന് നല്ല ആരോഗ്യം ലഭിക്കാനായി മാതാപിതാക്കള്‍ മൂത്ത മകളെ കൊന്ന് കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരമാണ് മൂത്ത മകളായ താരയെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്.

താരയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ ജനിക്കാന്‍ പോകുന്ന അടുത്ത കുഞ്ഞിനും ഇതേ അസുഖം ഉണ്ടാകുമോ എന്ന് മാതാപിതാക്കള്‍ക്ക് ഭയം ഉണ്ടായിരുന്നു. തുടര്‍ന്നാണ് ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരം മകളെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ അകത്തുതന്നെ കുഴിയെടുത്ത് അതില്‍ മൂടിയത്. ശേഷം ഒരു ബലിപീഠം നിര്‍മിക്കാനുമായിരുന്നു ആള്‍ദൈവത്തിന്റെ നിര്‍ദേശം.

മകളെ വിട്ടുപിരിയാന്‍ അമ്മയ്ക്ക് സാധിക്കാത്തതിനാലാണ് വീടിന്റെ അകത്ത് തന്നെ കുഴിയെടുത്ത് കുട്ടിയെ അതില്‍ മൂടിയതെന്ന് താരയുടെ മുത്തശ്ശി പറയുന്നു. താരയ്ക്ക് മരുന്നുകള്‍ നല്‍കിയതായും കുറേ ചികിത്സകള്‍ നടത്തിയിരുന്നതായും അവര്‍ പറയുന്നു. എന്നാല്‍ താരയുടെ അസുഖം വര്‍ധിക്കുകയാണ് ചെയ്തതെന്നും മുത്തശ്ശി പറഞ്ഞു.

ജൂണ്‍ മാസത്തിലാണ് കൊലപാതകം നടന്നത്. കുട്ടിയെ കുറച്ചു നാളുകളായി പുറത്ത് കാണാത്തതിനാല്‍ നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റില്‍ ഭക്ഷണത്തിന്റെ അംശം ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താരയുടെ മാതാപിതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് പറഞ്ഞു.

DONT MISS
Top