സുപ്രിം കോടതി ജഡ്ജിയായി ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കെഎം ജോസഫ്

ദില്ലി: ജസ്റ്റിസ് കെഎം ജോസഫ് സുപ്രിം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏല്‍ക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവര്‍ക്ക് പിന്നാലെ മൂന്നാമതാകും ജസ്റ്റിസ് ജോസഫിന്റെ സത്യപ്രതിജ്ഞ. രാവിലെ 10. 30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇതിനിടെ ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റി വിവാദം സംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ചര്‍ച്ച നടത്തി.

സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ താഴ്ത്തിയതിയുള്ള പ്രതിഷേധം ഒരു വിഭാഗം ജഡ്ജിമാര്‍ ഇന്നലെ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. കൊളീജിയം ആദ്യം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണം എന്ന ആവശ്യം ആണ് ജഡ്ജിമാര്‍ മുന്നോട്ട് വച്ചത്. സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എന്നിവരുമായി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് കെകെ വേണുഗോപാല്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദുമായി വിഷയം ചര്‍ച്ച ചെയ്തു.

ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തിയതി വെച്ചു കണക്കാക്കുമ്പോള്‍ ജസ്റ്റിസ് കെഎം ജോസഫ് ഏറ്റവും ജൂനിയറാണെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ച് നിന്നു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 2002 ഫെബ്രുവരി 5 നാണ്. അതേവര്‍ഷം ഫെബ്രുവരി 14 നായിരുന്നു ജസ്റ്റിസ് വിനീത് ശരണിന്റെ ഹൈക്കോടതി നിയമനം. 2004 ഒക്ടോബര്‍ 14 നാണ് കെഎം ജോസഫ് ഹൈക്കോടതി ജഡജിയായി നിയമിക്കപെട്ടത്. ഈ സാഹചര്യത്തില്‍ സീനിയോറിറ്റി പുനഃപരിശോധിക്കേണ്ട കാര്യം ഇല്ലെന്ന് നിയമ മന്ത്രി അറ്റോര്‍ണിയെ അറിയിച്ചു. തര്‍ക്കം തുടരേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് കൂടി തീരുമാനിച്ച സാഹചര്യത്തിലാണ് മുന്‍ നിശ്ചയിച്ച പ്രകാരം സത്യാപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനമായത്. രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

DONT MISS
Top